• സില്‍കാര തുരങ്കത്തിന് പുറത്ത് ആഹ്ലാദം, കയ്യടികള്‍
  • ഉത്തരകാശി തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു

രാജ്യം ഉറ്റുനോക്കിയ ഉത്തരകാശി രക്ഷാദൗത്യത്തിന് ശുഭാന്ത്യം. സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെയും സുരക്ഷിതരായി പുറത്തെത്തിച്ചു. തുരങ്കത്തില്‍ കുടുങ്ങി 17–ാം ദിവസത്തിലാണ് തൊഴിലാളികള്‍ക്ക് പുതുജീവിതത്തിലേയ്ക്ക് വഴി തുറന്നത്. ലോകശ്രദ്ധ നേടിയ രക്ഷാദൗത്യം നാനൂറ് മണിക്കൂറിലധികം നീണ്ടു. തൊഴിലാളികളെ ചിന്യാലിസോര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലേയ്ക്ക് മാറ്റി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും രക്ഷാദൗത്യത്തിന്‍റെ വിജയത്തില്‍ സന്തോഷം പങ്കുവച്ചു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.

 

വൈകീട്ട് 7.55. രക്ഷാക്കുഴലിലൂടെ ആദ്യ തൊഴിലാളി വിജയ് പുറത്തെത്തി. പിന്നാലെ ഗണപതി. 8.39 ഒാടെ 41 പേരും മരണമുഖത്തു നിന്നും പുതുജീവിതത്തിലേയ്ക്ക്. തൊഴുകൈകളോടെ. നിറകണ്ണുകളോടെ. 'ഭാരത് മാതാ കി ജയ് ' വിളിച്ച് നൂറ്റിനാല്‍പത് കോടി ജനതയോടും അവര്‍ നന്ദി അറിയിച്ചു. ആര്‍ക്കും ആരോഗ്യപ്രശ്നങ്ങളില്ല. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്ക്കര്‍ സിങ് ധാമിയും കേന്ദ്രമന്ത്രി വി.കെ സിങ്ങും തൊഴിലാളികളെ മധുരം നല്‍കി സ്വീകരിച്ചു. പൂമാലയും ഷാളും അണിയിച്ചു. കാത്തുനിന്ന കുടുംബാംഗങ്ങളുടെ കണ്ണുകളില്‍ ആനന്ദ കണ്ണീര്‍. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥരുടെ കൈയടികള്‍ക്കിടയിലൂടെ ആംബുലന്‍സുകളില്‍ തൊഴിലാളികള്‍ തുരങ്കമുഖത്തുനിന്നും നീങ്ങി. 

 

ചാര്‍ധാം പാത പദ്ധതിയുടെ ഭാഗമായ തുരങ്ക നിര്‍മാണത്തില്‍ ഏര്‍പ്പെട്ട എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഈ മാസം 12നാണ് പുലര്‍ച്ചെ 5.30ന് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തുരങ്കത്തിനകത്ത് കുടുങ്ങിയത്. ദീപാവലി ദിനം. എന്‍ഡിആര്‍എഫും ഉത്തരാഖണ്ഡ് എസ്ഡിആര്‍എഫും അടക്കം 21 ഏജന്‍സികള്‍ കൃത്യമായ ഏകോപനത്തോടെ രക്ഷാദൗത്യത്തിനായി കൈകോര്‍ത്തു. പ്രധാനമന്ത്രിയുടെ ഒാഫീസിന്‍റെ നേരിട്ടുള്ള മേല്‍നോട്ടം. രണ്ടായിരത്തോളം പേരുടെ അധ്വാനം. ആര്‍നോള്‍ഡ് ഡിക്സിന്‍റെ നേതൃത്വത്തില്‍ വിദേശസംഘത്തിന്‍റെ സഹായം. തുരങ്കത്തിനകത്ത് ഡ്രില്ല് ചെയ്ത് രക്ഷാക്കുഴല്‍ കടത്തി അതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനായിരുന്നു പ്ലാന്‍ എ. തുരങ്കത്തിന് മുകളില്‍ നിന്ന് താഴെയ്ക്ക് തുരക്കുന്നത് അടക്കം മറ്റ് സാധ്യതകളും സമാന്തരമായി പരിഗണിച്ചു.

 

മണ്ണിടിച്ചില്‍, അതിശൈത്യം, ഡ്രില്ലിങ് യന്ത്രത്തിന്‍റെ ബ്ലേഡുകള്‍ കുടുങ്ങുക തുടങ്ങി നിരവധി തടസങ്ങള്‍. രക്ഷാക്കുഴല്‍ തൊഴിലാളികള്‍ക്ക് തൊട്ടടുത്തെത്തിയപ്പോള്‍ ഡ്രില്ലിങ് ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് ചുരുങ്ങിയ സ്ഥലത്തിരുന്ന് അവശിഷ്ടങ്ങള്‍ നീക്കി ചെറുദ്വാരമുണ്ടാക്കാന്‍ വൈദഗ്ധ്യമുള്ള റാറ്റ് മൈനേഴ്സിന്‍റെ അക്ഷാര്‍ഥത്തില്‍ അതിമാനുഷികമായ അധ്വാനം. ഒടുവില്‍, രാജ്യം ഇന്നുവരെ കണ്ടതില്‍ അതികഠിനവും സാഹസികവുമായ രക്ഷാദൗത്യം യാഥാര്‍ഥ്യമായി. തൊഴിലാളികുടുംബങ്ങളില്‍ ദീപാലി. 

 

Uttarakhand Silkyara tunnel Crash Rescue update