ഗൂഗിൾ പേയും പേ ടിഎമ്മും ഫോൺ പേയും വാട്സാപ്പും വഴിയൊക്കെ പണമയക്കുന്നവരുടെ ശ്രദ്ധയ്ക്ക്! ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് തടയാൻ യുപിഐ ഇടപാടുകളിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. രണ്ടുപേർ തമ്മിൽ ആദ്യമായി നടത്തുന്ന ഇടപാടിന് നാല് മണിക്കൂർ ഇടവേള കൊണ്ടുവരാനാണ് നീക്കം. അതായത്, നിങ്ങൾ പണം ട്രാൻസ്ഫർ ചെയ്ത് നാലുമണിക്കൂറിന് ശേഷമേ ഉദ്ദേശിച്ച വ്യക്തിക്ക് പണം കിട്ടൂ. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളിൽ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 

നേരത്തേ എത്ര ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പണമിടപാട് നടത്തിയിട്ടില്ലാത്ത ഒരാൾക്ക് പണമയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുമ്പോഴാണ് നിയന്ത്രണം ബാധകമാകുക. യുപിഐ മാത്രമല്ല, മറ്റ് ഓൺലൈൻ പണമിടപാടുകൾക്കും ഇത് ബാധകമാക്കാൻ നീക്കമുണ്ട്. റിയൽടൈം ഗ്രോസ് സെറ്റിൽമെൻ്റ് (RTGS), ഇമ്മീഡിയറ്റ് പേയ്മെൻ്റ് സർവീസ് (IMPS) തുടങ്ങിയവയിലും ഇത് നടപ്പാക്കുമെന്നാണ് വിവരം.

ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാൻ  കേന്ദ്രസർക്കാർ ഇന്ന് ബന്ധപ്പെട്ട കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്. റിസർവ് ബാങ്ക്, പൊതുമേഖലാബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, ഗൂഗിൾ ഉൾപ്പെടെയുള്ള ടെക് കമ്പനികൾ, ട്രായി, ധനകാര്യ, ടെലികോം വകുപ്പുകളിലെ  ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ മാതൃകയിലുള്ള സമയ നിയന്ത്രണമാണ് പരിഗണിക്കുന്നത്. ഒരാൾക്ക് പണമയച്ചുകഴിഞ്ഞാൽ അത് ട്രാൻ്സഫർ ആകുന്നത് തടയാൻ പണമയച്ച ആൾക്ക് സമയം ലഭിക്കും എന്നതാണ് ഇതിൻ്റെ മറ്റൊരു ഗുണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. 

വർധിക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ

 

ബാങ്കിങ് സംവിധാനം ദുരുപയോഗിച്ചുള്ള തട്ടിപ്പുകളിൽ ഈ വർഷം മാത്രം 13,530 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഈ കേസുകളിൽ മാത്രം ഉണ്ടായത് 30,252 കോടി രൂപയുടെ തട്ടിപ്പ്. ഇതിൽ 49 ശതമാനവും ഡിജിറ്റൽ പേയ്മെൻ്റുകളുമായി ബന്ധപ്പെട്ടായിരുന്നു. ഓൺലൈൻ/ഡിജിറ്റൽ പേയ്മെൻ്റ് ഇടപാടുകൾ നിയന്ത്രിക്കുന്ന കാര്യം നേരത്തേ തന്നെ ചർച്ചയിലുണ്ടായിരുന്നെങ്കിലും യൂക്കോ ബാങ്ക് 820 കോടി രൂപയുടെ ഐഎംപിഎസ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തതോടെയാണ് ഔദ്യോഗിക നടപടികൾക്ക് വേഗം കൂടിയത്. 

യൂക്കോ ബാങ്ക് കേസ്

 

ഈമാസം പത്തിനും പതിമൂന്നിനുമിടയിൽ യൂക്കോ ബാങ്കിലെ ഇമ്മീഡിയറ്റ് ഫണ്ട് ട്രാൻസ്ഫർ സിസ്റ്റത്തിൽ സംഭവിച്ച സാങ്കേതിക തകരാർ കാരണം 820 കോടി രൂപ ഉദ്ദേശിക്കാത്ത അക്കൌണ്ടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതാണ് കേസ്. ആറോ ഏഴോ ബാങ്കുകളിൽ നിന്ന് പണമയച്ച ഇടപാടുകാർക്ക് 'ട്രാൻസാക്ഷൻ ഫെയിൽഡ്' എന്ന മെസേജ് ലഭിച്ചു തുടങ്ങിയപ്പോഴാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. 'ഇടപാട് നടന്നില്ല' എന്നായിരുന്നു മെസേജ് എങ്കിലും പണം കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. ഒപ്പം പണമയച്ച ആളുടെ അക്കൌണ്ടിലും ഇതേ തുക നിക്ഷേപിക്കപ്പെട്ടു. ഇങ്ങനെ പണം ലഭിച്ച അക്കൌണ്ടുകൾ മരവിപ്പിച്ച് 649 കോടി രൂപ തിരിച്ചുപിടിച്ചു. ശേഷിച്ച 171 കോടി രൂപ തിരിച്ചുപിടിക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് യൂക്കോ ബാങ്ക്. 

 

 Four hour delay likely in first UPI transfer over Rs 2000 to check online fraud