• നിഖില്‍ ഗുപ്തയ്ക്കെതിരെ കുറ്റം ചുമത്തി ന്യൂയോര്‍ക്ക് കോടതി
  • അമേരിക്കൻ മണ്ണിൽ അമേരിക്കൻ പൗരനെ വധിക്കാൻ ശ്രമിച്ചു
  • ഒരു ലക്ഷം ഡോളര്‍ നല്‍കി
  • കൊല്ലപ്പെട്ട നിജ്ജറുടെ കടുത്ത അനുയായിയാണ് പന്നൂന്‍

ഖലിസ്ഥാൻ ഭീകരൻ ഗുർപത് വന്ത് പന്നുവിനെ ന്യൂയോർക്കിൽ വച്ച് വധിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യക്കാരനുമേൽ കുറ്റം ചുമത്തി അമേരിക്ക. നിക്ക് എന്നറിയപ്പെടുന്ന നിഖിൽ ഗുപ്തക്കെതിരെയാണ് ന്യൂയോർക്ക് കോടതി കുറ്റം ചുമത്തിയത്. ഇയാളെ അമേരിക്കയുടെ ആവശ്യപ്രകാരം നേരത്തേ ചെക് റിപ്പബ്ലിക്കിൽ അറസ്റ്റ് ചെയ്തിരുന്നു. പന്നുവിനെ വധിക്കാൻ ശ്രമിച്ചത് ഇന്ത്യയാണെന്ന് നേരിട്ട് കുറ്റപ്പെടുത്തുന്നതാണ് അമേരിക്കൻ നീതിന്യായ വകുപ്പ് കോടതിയിൽ സമർപ്പിച്ച രേഖ. അമേരിക്കൻ മണ്ണിൽ അമേരിക്കൻ  പൗരനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

 

നിഖിൽ ഗുപ്തയെ ഉപയോഗിച്ച് ഇന്ത്യൻ സർക്കാർ ഏജൻസിയാണ് വധശ്രമം നടത്തിയതെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് ആരോപിക്കുന്നു. സിസി-1 എന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ ഇന്ത്യയിൽ ഇരുന്നാണ് വധശ്രമം ആസൂത്രണം ചെയ്തത്. രാജ്യാന്തര ലഹരിമരുന്ന് കടത്ത് സംഘങ്ങളുമായി ബന്ധമുള്ള നിഖിൽ ഗുപ്തയെ ഉപയോഗിച്ച് അമേരിക്കയിൽ പന്നുവിനെ വധിക്കാൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ഒരു ലക്ഷം ഡോളർ ഇതിനായി നൽകി. 

 

എന്നാൽ നിഖിൽ ഗുപ്തയുടെ ക്വട്ടേഷൻ ഏറ്റെടുത്ത ക്രിമിനൽ സംഘാംഗം യുഎസ് അന്വേഷണ ഏജൻസികൾക്ക് രഹസ്യവിവരങ്ങൾ കൈമാറിയിരുന്ന ഏജൻ്റ് കൂടിയായിരുന്നു. ഇതാണ് വധശ്രമദൌത്യം പൊളിയാൻ ഇടയായത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ അടുത്ത അനുയായി ആയിരുന്നു പന്നൂൻ എന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് കോടതിയെ അറിയിച്ചു. നിജ്ജറുടെ കൊലപാതകത്തിന് പിന്നാലെയാണ് പന്നുവിനെ വധിക്കാനുള്ള നീക്കം വേഗത്തിലായതെന്നും രേഖയിൽ പറയുന്നു.

 

വധശ്രമവും അതിനുള്ള ഗൂഢാലോചനക്കുറ്റവുമാണ് അൻപത്തിരണ്ടുകാരനായ നിഖിൽ ഗുപ്തയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. 10 വർഷം വീതം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രണ്ടും. ഇന്ത്യയിൽ ഇരുന്ന വധശ്രമം ആസൂത്രണം ചെയ്ത സിസി-1 എന്ന ഉദ്യോഗസ്ഥനെതിരെ എന്ത് തുടർനടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് പിന്നീട് പുറത്തിറക്കിയ വാർത്താക്കുറിപ്പിലും സൂചനയില്ല. 

 

U.S. blames Indian official for foiled ‘plot’ against Khalistani separatist Gurpatwant Singh Pannun