navakerala-sadas-morning-me

നവകേരള സദസ് തുടങ്ങി പതിനെട്ട് ദിവസം കഴിഞ്ഞിട്ടും കാസര്‍കോട് നിന്ന് ലഭിച്ച പരാതികളില്‍ പോലും കാര്യമായ പരിഹാരമുണ്ടായിട്ടില്ല. ലഭിച്ച 14,698 പരാതികളില്‍ ഇരുനൂറെണ്ണത്തിന് പരിഹാരം കണ്ടെന്നാണ് വകുപ്പുകളുടെ വിശദീകരണം. പക്ഷെ പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന മറുപടി വരെയും, പരിഹരിച്ചവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

ജില്ലാതലത്തില്‍ പരിഹരിക്കേണ്ടതിന് രണ്ടാഴ്ച, സംസ്ഥാനതലത്തിലുള്ളത് 30 ദിവസം, സര്‍ക്കാരിന്റ ഇടപെടല്‍ വേണ്ടത് 45 ദിവസത്തിനുള്ളില്‍. ഇതായിരുന്നു പരാതി പരിഹാരം സംബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നല്‍കിയിരുന്ന ഉറപ്പ്. ഇതനുസരിച്ചാണെങ്കില്‍ ജില്ലാ തലത്തിലുള്ള പരാതികളെല്ലാം പരിഹരിക്കേണ്ട സമയം കഴിഞ്ഞു. പക്ഷെ കിട്ടിയവ വേര്‍തിരിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയക്കുന്ന ജോലികള്‍ പോലും തീര്‍ന്നിട്ടില്ലന്നതാണ് യാഥാര്‍ഥ്യം. എത്ര പരാതികളില്‍ തീര്‍പ്പ് കല്‍പിച്ചുവെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ ജില്ലാ ഭരണകൂടവും ഒഴിഞ്ഞുമാറുകയാണ്. ഒാരോ വകുപ്പുകളിലും നടത്തിയ അന്വേഷണത്തില്‍ ലഭിച്ച തീര്‍പ്പ് കല്‍പിച്ച പരാതികളുടെ എണ്ണം ഇങ്ങനെ. വിദ്യാഭ്യാസം 48, തൊഴിൽ വകുപ്പ് 36, പട്ടികജാതി പട്ടികവർഗം 24, ഫിഷറീസ് 14, കൃഷി 10 , ജല അതോറിറ്റി 22 സാമൂഹ്യ നീതി വകുപ്പ് 44.

പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായുള്ള മറുപടിയും, ആവശ്യപ്പെട്ട കാര്യങ്ങള്‍ പദ്ധതികളിൽ ഉൾപ്പെടുത്താൻ സര്‍ക്കാരിനോട് നിർദേശിക്കാമെന്ന മറുപടിയുമൊക്കെ പരിഹാര പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വകുപ്പുകള്‍ പറയുന്ന കണക്ക് വച്ച് പരിഹരിച്ചവയുടെ എണ്ണം കണക്കാക്കാനാകില്ല. വെബ്സൈറ്റ് ഇടയ്ക്കിടെ പണിമുടക്കുന്നതും പരാതി പരിഹാരത്തിന് കാലതാമസമുണ്ടാക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Eighteen days after the start of the Navakerala Sadas, even the complaints received from Kasaragod have not been resolved