pinarayi-vijayan-04

ഫയല്‍ ചിത്രം

വയനാട് പുനരധിവാസത്തിനായി നൂറ് വീടുകള്‍ പണിഞ്ഞു നല്‍കാം എന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിട്ടും കേരള സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്ന കര്‍ണാടക മുഖ്യമന്ത്രിയുടെ കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. കര്‍ണാടകയുടെ ആദ്യ അറിയിപ്പ് വന്നത് ഡിസംബര്‍ ആറിന് മാത്രമെന്ന് മുഖ്യമന്ത്രി. കര്‍ണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിയെ അറിയിച്ചത് ഡിസംബര്‍ ഒന്‍പതിന്. പിറ്റേന്ന് തന്നെ മറുപടി തന്നില്ലെന്ന ആക്ഷേപം വാര്‍ത്തയായെന്നും കത്തില്‍ പിണറായി വിജയന്‍ പറയുന്നു.

 

കര്‍ണാടകയുടെ ആദ്യപ്രഖ്യാപനം വന്നപ്പോള്‍ തന്നെ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. പുനരധിവാസ ചുമതലയുള്ള ലാന്‍ഡ് റവന്യൂ  അഡീ. കമ്മിഷണറുടെ ഓഫിസില്‍ നിന്ന് വിളിച്ചിരുന്നു. കേരളം പ്രതികരിച്ചില്ലെന്ന ആക്ഷേപം രാഷ്ട്രീയ ദുഷ്ടലാക്കോടെയെന്നും മുഖ്യമന്ത്രി. വയനാട് പുനരധിവാസത്തിന് വിശദപദ്ധതി തയാറാക്കുന്നുണ്ട്. സഹായങ്ങള്‍ തുടരണമെന്നും വൈത്തിരി താലൂക്കില്‍ രണ്ട് ടൗണ്‍ഷിപ്പ് ആലോചനയിലെന്നും മുഖ്യമന്ത്രി. ടൗണ്‍ഷിപ്പില്‍ സഹായം പ്രതീക്ഷിക്കുന്നു എന്നും സിദ്ധരാമയ്യയോട് പിണറായി വിജയന്‍ പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രിയുടെ കത്ത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. കേന്ദ്രം കേരളത്തെ അവഗണിക്കുന്നതിന് തുല്യമാണ് കര്‍ണാടകത്തിന്‍റെ സഹായ വാഗ്ദാനത്തിന് മറുപടിനല്‍കാത്തതെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചിരുന്നു.

അതേസമയം, വയനാട്ടില്‍ ഒരുമിച്ച് ഭൂമി കിട്ടാത്തതാണ് പ്രതിസന്ധിയെന്നും ടൗണ്‍ഷിപ്പ് എന്ന ആശയത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. ദുരന്തബാധിതകര്‍ക്കായി വീട് വാഗ്ദാനം ചെയ്തവരുടെ യോഗം വിളിക്കും.വീട് വാഗ്ദാനം ചെയ്ത കര്‍ണാടക സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും, ആശയവിനിമയത്തില്‍ പ്രശ്നങ്ങളുണ്ടായെങ്കില്‍ പരിഹരിക്കുമെന്നും മന്ത്രി കെ.രാജന്‍ പ്രതികരിച്ചിരുന്നു.

ENGLISH SUMMARY:

Kerala Chief Minister Pinarayi Vijayan's response to Karnataka Chief Minister's letter, in which he alleged that the Kerala government did not respond despite Karnataka offering to construct 100 houses for Wayanad's rehabilitation.