TAGS

നാസര്‍ ഫൈസിയുടേത് പരിഷ്കൃത സമൂഹത്തിന് ചേരാത്ത വര്‍ത്തമാനമെന്ന് ഡി.വൈ.എഫ്.ഐ. ആര്‍ക്കും ആരെയും വിവാഹം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് കണ്ണൂരില്‍പറഞ്ഞു. സിപിഎമ്മും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്താൻ ശ്രമിക്കുന്നുവെന്ന് നാസർ ഫൈസി കൂടത്തായിയുടെ വാക്കുകളോടു പ്രതികരിക്കുകയായിരുന്നു സനോജ്. 

 

സിപിഎമ്മിന് വിമര്‍ശനം

 

സിപിഎമ്മും സമസ്തയും തമ്മിലുള്ള സൗഹൃദാന്തരീക്ഷത്തിനിടെ സിപിഎമ്മിനെ വിമർശിച്ച് സമസ്തക്കുള്ളിലെ മുസ്ലിംലീഗ് പക്ഷം നേതാക്കൾ . സിപിഎമ്മും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്താൻ ശ്രമിക്കുന്നുവെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു. ക്യാംപസുകളിൽ ചിലർ മതനിരാസം പ്രചരിപ്പിക്കുന്നുവെന്ന് എസ്എഫ്ഐയെ പേരെടുത്ത് പറയാതെ അബ്ദുസമദ് പൂക്കോട്ടൂരും വിമർശിച്ചു . സമാന അഭിപ്രായം മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും പ്രകടിപ്പിച്ചു.

 

കൊയിലാണ്ടിയിൽ സുന്നി മഹല്ല് ഫെഡറേഷൻ ഭാരവാഹികളുടെ ജില്ലാതല സാരഥി സംഗമത്തിൽ ആയിരുന്നു സമസ്ത നേതാക്കൾ സിപിഎമ്മിനെയും യുവജന സംഘടനകളെയും കുറ്റപ്പെടുത്തിയത്. കായികമായി തട്ടിക്കൊണ്ടു പോകലല്ല താൻ ഉദ്ദേശിച്ചതെന്ന് പിന്നീട് നാസർ ഫൈസി വിശദീകരിച്ചു..

 

എസ്എഫ്ഐയെ പേരെടുത്ത് പറയാതെയായിരുന്നു ലീഗ് പക്ഷ നേതാക്കളിൽ ഒരാളായ അബ്ദുസമദ് പൂക്കോട്ടൂർ വിമർശനം ഉന്നയിച്ചത്. മതനിരാസം പ്രചരിപ്പിക്കുന്നവർ കാലിക്കറ്റ് യൂണിവേഴ്സിറ്റി സുവനീറിൽ ഇസ്ലാം മതത്തെ മോശമാക്കി ചിത്രീകരിച്ചുവെന്ന് കുറ്റപ്പെടുത്തൽ. നേതാക്കളുടെ വിമർശനം പരിപാടി ഉദ്ഘാടനം ചെയ്ത ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും ശരിവെച്ചു

 

സമീപകാലത്തായി മുസ്ലിംലീഗിനെ വെട്ടിലാക്കുകയും സിപിഎമ്മുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്യുന്ന സമസ്തയിലെ ഒരുപറ്റം നേതാക്കൾക്കുള്ള മറുപടി കൂടിയായിരുന്നു ലീഗ് പക്ഷത്തെ നേതാക്കളുടെ പ്രസംഗങ്ങളിലൂടെ വ്യക്തമായത്.