നഴ്സിങ് പ്രവേശനത്തിനായി നല്‍കിയ പണം തിരികെ കിട്ടാതിരുന്നതിനെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍. തൃശൂർ സ്വദേശി ജോഷി മാത്യുവിനെയാണ് അഞ്ചുപേർ തട്ടിക്കൊണ്ടു പോയി മർദിച്ചത്. കോളജില്‍ അഡ്മിഷന്‍ കിട്ടുന്നതിനായി ജോഷിയുടെ സുഹൃത്തിന് പ്രതികള്‍ 18 ലക്ഷം രൂപ നല്‍കിയിരുന്നു. ഇത് തിരികെ കിട്ടുന്നതിനായാണ് ജോഷിയെ തട്ടിക്കൊണ്ടു പോയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അഡ്മിഷന്‍ തരപ്പെടുത്തുന്നതിനായി ജോഷിയുടെ സുഹൃത്തായ അഖിലിനാണ് പ്രതികള്‍ പണം നല്‍കിയത്. അഡ്മിഷനും പണവും തിരികെ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയോടെ ജോഷിയെ പാലാരിവട്ടം പാലത്തിന് സമീപത്ത് നിന്നും ബലമായി കാറില്‍ കയറ്റിക്കൊണ്ട് പോയെന്നും പിന്നീട് കാക്കനാടുള്ള ഹോട്ടലില്‍ എത്തിച്ച് മര്‍ദിച്ച ശേഷം റോഡില്‍ ഇറക്കി വിട്ടെന്നും പരാതിയില്‍ പറയുന്നു. മാരകായുധങ്ങള്‍ കൊണ്ടാണ് മര്‍ദിച്ചതെന്നും ആക്രമണത്തില്‍ ജോഷിയുടെ വലത് കണ്ണിന് താഴെ എല്ലിന് പൊട്ടലുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി.
ആക്രമണത്തിന് പിന്നാലെ ജോഷിയുടെ 5 പവന്‍റെ മാലയും കൈവശമുണ്ടായിരുന്ന മുപ്പതിനായിരം രൂപയും പ്രതികള്‍ കൈക്കലാക്കിയെന്നും പൊലീസ് പറയുന്നു. പരുക്കേറ്റ ജോഷി ആശുപത്രിയില്‍ ചികില്‍സ തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
Nursing admission fruad, police arrestes kidnappers, Kochi