വണ്ടിപ്പെരിയാർ പീഡനക്കേസ് ഹൈക്കോടതി മേൽനോട്ടത്തിൽ സി.ബി.ഐ പുനരന്വേഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. തിരുവനന്തപുരത്ത് മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച ഡി.ജി.പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ. മഴയെ അവഗണിച്ചുള്ള മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം.പിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തുംതള്ളുമായി. ഒടുവിൽ ജലപീരങ്കി പ്രയോഗിച്ചാണ് പ്രവർത്തകരെ പൊലീസ് പിന്തിരിപ്പിച്ചത്. 

 

അതേസമയം, വണ്ടിപ്പെരിയാർ കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ഇതിനായി ലോയേഴ്സ്  കോൺഗ്രസ്‌ നിയമസഹായം ചെയ്യും. വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു കെ സുധാകരന്റെ പ്രതികരണം.

 

വാളയാർ പെൺകുട്ടികളുടെ അമ്മയും അഭിഭാഷകനും വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ വീട് സന്ദർശിച്ചു. രണ്ട് കേസിലും പ്രതികൾ സിപിഎമ്മുകാരയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. കേസിൽ തങ്ങൾ സ്വീകരിച്ച നിയമ നടപടികൾ വണ്ടിപ്പെരിയാറിലെ കുടുംബത്തെ ബോധ്യപ്പെടുത്തി. കുടുംബത്തിന് താല്പര്യം ഉണ്ടെങ്കിൽ പ്രതിക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതിനാവശ്യമായ  സഹായം ചെയ്യുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.

Vandiperiyar case should be investigated by CBI under court supervision: VM Sudheeran