arifmohammedkhansmstreet-18
  • കമ്മിഷണറുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷ
  • ജനങ്ങളോട് നന്ദിയുണ്ടെന്ന് ഗവര്‍ണര്‍
  • രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും

പൊലീസ് സംരക്ഷണം വേണ്ടെന്ന് പ്രഖ്യാപിച്ച് മിഠായിത്തെരുവില്‍ ഗവര്‍ണറുടെ സ്ട്രീറ്റ്'ഷോ'. വ്യാപാരികളെ കണ്ടും ജനങ്ങളുമായി സംസാരിച്ചും സെല്‍ഫിയെടുത്തും നടന്ന ഗവര്‍ണര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിക്കാനെത്തി. ജില്ലാ കമ്മിഷണറുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കിയത്. സ്വീകരിച്ച ജനങ്ങളോട് നന്ദിയുണ്ടെന്ന് പറഞ്ഞ് ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് മടങ്ങി. അതിനിടെ ക്യാംപസിന് പുറത്ത് ഗവര്‍ണര്‍ വരുന്ന വഴിയില്‍ ബാനര്‍ ഉയര്‍ത്തി ഡി.വൈ.എഫ്.ഐയും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

 

അതേസമയം, ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നും കേന്ദ്രസര്‍ക്കാരിനെ കത്തെഴുതി വിവരമറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലത്ത് പറഞ്ഞു. ബാനര്‍ പ്രതിഷേധത്തിന് പിന്നില്‍ താനാണെന്ന ആരോപണം ഗവര്‍ണറുടെ ജല്‍പനമാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഗവര്‍ണര്‍ ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണ്. എന്തും വിളിച്ചുപറയാവുന്ന മാനസികാവസ്ഥയാണ് ഗവര്‍ണര്‍ക്കെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. 

 

ഗവര്‍ണര്‍ സര്‍വകലാശാല വിടണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു ആവശ്യപ്പെട്ടു. കുട്ടികളുമായുള്ള പഞ്ചഗുസ്തി അവസാനിപ്പിക്കണം. ഗസ്റ്റ് ഹൗസില്‍ താമസിക്കുന്നതിന് പകരം സര്‍വകലാശാലയില്‍ താമസിക്കുന്നത് നിര്‍ബന്ധപൂര്‍വമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

 

ഗവര്‍ണര്‍ നാടുനീളെ നടന്ന് എല്ലാവരെയും വെല്ലുവിളിക്കുന്നുവെന്നായിരുന്നു മന്ത്രി എം.ബി.രാജേഷിന്‍റെ പ്രതികരണം. ഗവര്‍ണര്‍ അഴിപ്പിച്ച ബാനര്‍ തിരിച്ചു കെട്ടിയ എസ്.എഫ്.ഐയെ അഭിനന്ദിക്കുന്നുവെന്നും പ്രശ്നമുണ്ടാക്കിയത് ഗവര്‍ണറാണെന്നും മന്ത്രി പറഞ്ഞു. കാവിവല്‍ക്കരണത്തിനെതിരെയാണ് എസ്.എഫ്.ഐയുടെ സമരമെന്നും സമരത്തില്‍ ഇടപെടില്ലെന്നും മന്ത്രി സജി ചെറിയാനും വ്യക്തമാക്കി.

 

അതിനിടെ സംസ്ഥാനത്ത് കൂടുതല്‍ കോളജുകളില്‍ ഗവര്‍ണര്‍ക്കെതിരെ ബാനര്‍ പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്കൃത കോളജിന്റെ കവാടത്തിലും, എറണാകുളം മഹാരാജാസ് കോളജിലും,കാസര്‍കോട് ഗവ.കോളജിലുമാണ് ബാനറുയര്‍ന്നത്.  'മിസ്റ്റര്‍ ചാന്‍സലര്‍ , നിങ്ങളുടെ വിധേയത്വം സര്‍വകലാശാലകളോടാകണം, സംഘപരിവാറിനോട് ആവരുത്' എന്നാണ് ബാനറില്‍. കാലടി ശ്രീശങ്കര കോളജിലും ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ ബാനര്‍ ഉയര്‍ത്തി. ഇന്ന് രാത്രിയോടെ ഗവര്‍ണര്‍ മടങ്ങിയെത്താനിരിക്കെ രാജ്ഭവന്റെ സുരക്ഷ കൂട്ടി. വെള്ളയമ്പലം മുതല്‍ രാജ്ഭവന്‍ വരെ നടപ്പാതയില്‍ കൂടുതല്‍ കമ്പിവേലികള്‍ സ്ഥാപിച്ചിട്ടുണ്ട്.

 

Governor Arif Mohammed Khan declines police security, challenges govt