ഗവര്‍ണര്‍ രാജ്ഭവനില്‍ കയറുന്നതുവരെ പ്രതിഷേധിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ. ഗവര്‍ണര്‍ സംഘപരിപാറിന്റെ ഏജന്റ് പണി അവസാനിപ്പിക്കും വരെ സമരമുണ്ടാകും. ഷോ വര്‍ക്കിന്റെ ഭാഗമായാണ് ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് കോഴിക്കോട് പോയതെന്നും ആര്‍ഷോ. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, സംസ്ഥാനത്ത് ക്രമസമാധാനനില പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍. കേരള പൊലീസ് രാജ്യത്തെ ഏറ്റവും മികച്ച സേനയാണ്, അവരെ ജോലി ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ ഗവര്‍ണര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് എസ്എഫ്ഐ തീര്‍ത്തത്. ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റുചെയ്തു നീക്കിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. വിദ്യാര്‍ഥികള്‍ കറുത്ത വസ്ത്രമണിഞ്ഞും കറുത്ത ബലൂണുകള്‍ പറത്തിയും കരിങ്കൊടിയേന്തിയും അണിനിരന്നു. പ്രതിഷേധിക്കുന്നവര്‍ എസ്എഫ്ഐ ഗുണ്ടകളെന്ന് പറഞ്ഞ ഗവര്‍ണര്‍ മാധ്യമങ്ങളോട് കടക്ക് പുറത്തെന്നും ആക്രോശിച്ചു.
ഗവർണർ പങ്കെടുക്കുന്ന ചടങ്ങ് ക്യാംപസിനുള്ളിലെ സെമിനാർ കോംപ്ലക്സിൽ ആരംഭിക്കുന്നതിനു മുന്നോടിയായി എസ്എഫ്ഐ പ്രവർത്തകർ പരീക്ഷാ ഭവനിലേക്ക് വൻ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം ഗസ്റ്റ് ഹൗസിന് മുന്നില്‍ പൊലീസ് തടഞ്ഞു. പൊലീസ് തീർത്ത ബാരിക്കേഡുകൾ തകർത്ത് വിദ്യാര്‍ഥികള്‍ ഗസ്റ്റ് ഹൗസ് പരിസരത്തേക്ക് തള്ളിക്കയറി. കരിങ്കൊടിയുമായി വനിതാ പ്രവർത്തകർ ഉൾപ്പെടെ ഗസ്റ്റ് ഹൗസിനു മുന്നിലെത്തി. ഇവരെ അറസ്റ്റുചെയ്തു നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു
ഗസ്റ്റ് ഹൗസ് പരിസരത്തുനിന്ന് പ്രതിഷേധക്കാരെ പൊലീസ് വാഹനത്തില്‍ പുറത്തേക്ക് കൊണ്ടുപോയതിനു പിന്നാലെ ഗവര്‍ണര്‍ വന്‍ സുരക്ഷാവലയത്തില്‍ സെമിനാര്‍ വേദിയിലേക്ക് നീങ്ങി. ഇതിനിടെ ചോദ്യത്തില്‍ പ്രകോപിതനായ ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്കുനേരെയും ആക്രോശിച്ചു. സെമിനാര്‍ തുടങ്ങിയപ്പോഴും പുറത്ത് എസ്എഫ്ഐ പ്രതിഷേധം തുടര്‍ന്നു. സെമിനാര്‍ അവസാനിച്ചതോടെ പ്രതിഷേധം ക്യാംപസിന് പുറത്തേക്ക് നീങ്ങി