stmarys-basalica-24
  • ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നതുവരെ ബസിലിക്ക തുറക്കില്ല
  • ക്രിസ്മസ് ദിനത്തില്‍ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നേരത്തെ സമവായമായിരുന്നു

കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടഞ്ഞ് കിടക്കുന്ന സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക ക്രിസ്മസ് ദിനത്തിലും തുറക്കേണ്ടെന്ന് തീരുമാനം. ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നതുവരെ ബസിലിക്ക തുറക്കില്ലെന്ന് പള്ളി വികാരി ആന്‍റണി പൂതവേലില്‍ വ്യക്തമാക്കി. ക്രിസ്മസ് ദിനത്തില്‍ കുര്‍ബാന അര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമവായത്തിലെത്തിയ സാഹചര്യത്തില്‍ ബസിലിക്ക തുറക്കണമെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കുര്‍ബാന തര്‍ക്കം പൂര്‍ണമായും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ബസിലിക്ക തുറക്കേണ്ടെന്ന തീരുമാനം സഭാ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അറിയിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

കഴിഞ്ഞ ക്രിസ്മസ് തലേന്നാണ് കുര്‍ബാന അര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ച്  ബസിലിക്ക അടച്ച് പൂട്ടിയത്. ബസിലിക്കയുെട കീഴിലുള്ള വടുതല തിരുഹൃദയ പള്ളിയിലും തല്‍സ്ഥിതി തുടരുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ ആന്‍റണി പൂതവേലില്‍ വ്യക്തമാക്കി. എറണാകുളം അങ്കമാലി അതിരൂപതയില്‍ ക്രിസ്മസ് മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് മാര്‍പ്പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലിന്‍റെ നിര്‍ദേശം. ക്രിസ്മസ് ദിനത്തില്‍ ഒരു കുര്‍ബാന ഏകീകൃതരീതിയില്‍ അര്‍പ്പിക്കുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജനാഭിമുഖ കൂര്‍ബാന തുടരാനുമാണ് അതിരൂപത സംരക്ഷണ സമിതിയുടെ തീരുമാനം.

 

St. Mary's Cathedral Basilica won't open until unified holy mass is performed says administrator