palayoor-church

തൃശൂർ പാലയൂർ സെന്‍റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം. എസ്.ഐ വിജിത്തിന്റെ പള്ളിയിലെ ഇടപെടൽ അനാവശ്യമെന്ന് ചാവക്കാട് ഏരിയാ സെക്രട്ടറി പ്രതികരിച്ചു. അതേസമയം, എസ്.ഐ വിജിത്ത് അവധിയില്‍ പ്രവേശിച്ചു. ശനിയാഴ്ചമുതല്‍ എസ്.ഐ. ശബരിമല ഡ്യൂട്ടിയിലായിരിക്കും.

 

പള്ളി മുറ്റത്ത് ഇന്നലെ രാത്രി ഒൻപതോടെയാണ് കാരൾ ഗാനാലാപനം തുടങ്ങാനിരിക്കെ പൊലീസ് എത്തിയത്. ഉച്ചഭാഷിണിയ്ക്ക് അനുമതിയില്ലെന്ന് എസ്.ഐ വിജിത്ത് ട്രസ്റ്റി അംഗങ്ങളോട് പറഞ്ഞു. മാത്രവുമല്ല, കാരൾ ഗാന വേദിയിലെ സകല സാമഗ്രികളും തൂക്കിയെറിയുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തി. 

കാരൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ല. സിറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പള്ളിയിൽ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പൊലീസിന്‍റെ വിരട്ടൽ. ഒന്നരമാസത്തെ പരിശീലനത്തിന് ശേഷം കാരൾ ഗാനം ആലപിക്കാനിരുന്നതാണ് മുടങ്ങിയത്. പള്ളിയുടെ ചരിത്രത്തിൽ ആദ്യമായാണ് കാരൾ ഗാനം മുടങ്ങുന്നതെന്ന് ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു.

ENGLISH SUMMARY:

The CPM has criticized SI Vijith for disrupting Christmas celebrations at Palayoor St. Thomas Church, Thrissur. Chavakkad Area Secretary termed the police intervention unnecessary and demanded action.