kerala-university-rejects-g

വി.സി നിയമനം സംബന്ധിച്ച ഗവർണരുടെ നിർദേശം നിരാകരിച്ച് കേരള സർവകലാശാല. വി.സി. നിയമനത്തിനുള്ള സർച്ച് കമ്മറ്റിയിലേക്ക് സർവകലാശാല ഉടൻ പ്രതിനിധിയെ നൽകില്ല. സർച്ച് കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു.  

വി.സി നിയമനത്തിനുള്ള മൂന്നംഗ കമ്മറ്റിയിലേക്ക് കേരള സർവകലാശാല ഉടൻ പ്രതിനിധിയെ നൽകില്ല. ഗവർണർ ആവർത്തിച്ച് ഇക്കാര്യം ആവശ്യപ്പെട്ട സാഹചര്യത്തിൽ സർവകലാശാല നിയമോപദേശം തേടിയിരുന്നു. ഗവർണർ നിയമിച്ച സെനറ്റ് അംഗങ്ങളുടെ പട്ടിക ഹൈക്കോടതി മരവിപ്പിച്ചിരിക്കുകയാണ്. അതിനാൽ സെനറ്റ് ചേരാനോ സർച്ച് കമ്മറ്റി പ്രതിനിധിയെ നൽകാനോ കഴിയില്ല. വി.സി. നിയമനം സംബന്ധിച്ച് ഒരുപറ്റം കേസുകൾ കോടതിയുടെ പരിഗണനയിലാണ്. 

വി.സി. നിയമന കമ്മറ്റിയുടെ ഘടന മാറ്റുന്ന ബില്ലും ഗവർണരെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റുന്ന ബില്ലും രാഷ്ട്രപതിയുടെ പരിഗണനയിലാണ്. കൂടാതെ സർവകലാശാല ചട്ടങ്ങൾ യുജിസി നിയമം എന്നിവയെ കുറിച്ചുള്ള തർക്കങ്ങളും കോടതിക്ക് മുന്നിലാണ്. ഇക്കാര്യങ്ങൾ പരിഗണിച്ച് സർച്ച് കമ്മറ്റിയിലേക്ക് തിടുക്കപ്പെട്ട്  പ്രതിനിധിയെ നൽകണ്ടതില്ല എന്നാണ് സർവകലാശാലയുടെ തീരുമാനം. ഇതിനെതിരെ ഗവർണർ വീണ്ടും കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

Kerala University rejects Governor's proposal on VC appointment