അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുന്ന ഈ മാസം 22ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പകുതി ദിവസത്തെ അവധി പ്രഖ്യാപിച്ചു. രാംലല്ല വിഗ്രഹം ഗര്‍ഭഗൃഹത്തില്‍ സ്ഥാപിച്ചു. പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ആറ് പ്രത്യേക സ്റ്റാംപുകള്‍ പ്രധാനമന്ത്രി പുറത്തിറക്കി. പ്രധാനമന്ത്രിയാകും പ്രതിഷ്ഠാച്ചടങ്ങിന്‍റെ യജമാനന്‍. സൈബര്‍ ആക്രമണം തടയാന്‍ സാങ്കേതിക വിദഗ്ധരുടെ സംഘത്തെ ആഭ്യന്തരമന്ത്രാലയം അയോധ്യയിലേയ്ക്ക് നിയോഗിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പ്രാണപ്രതിഷ്ഠാച്ചടങ്ങിന്‍റെ തല്‍സമയ സംപ്രേഷണം കാണുന്നതിനും ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നതിനും കേന്ദ്രമന്ത്രാലയങ്ങള്‍, സ്ഥാപനങ്ങള്‍, ഒാഫീസുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഉച്ചയ്ക്ക് 2.30വരെയാണ് അവധി നല്‍കിയിട്ടുള്ളത്. കോടതികള്‍ക്ക് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് ബാര്‍ കൗണ്‍സില്‍ കത്ത് നല്‍കി. മൈസുരു സ്വദേശിയായ വിഖ്യാതശില്‍പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ തയ്യാറാക്കിയ 51 ഇഞ്ച് ഉയരമുള്ള വിഗ്രഹമാണ് പ്രതിഷ്ഠയ്ക്കായി ഗര്‍ഭഗൃഹത്തില്‍ എത്തിച്ചത്. ക്ഷേത്ര മാതൃകയുടെ അടക്കം ആറ് പ്രത്യേക സ്റ്റാംപുകള്‍ പ്രധാനമന്ത്രി പുറത്തിറക്കി. ശ്രീരാമനെ ആധാരമാക്കി ഇരുപതിലധികം രാജ്യങ്ങള്‍ പുറത്തിറക്കിയ സ്റ്റാംപുകള്‍ ഉള്‍പ്പെടുത്തി 48 പേജ് പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. സ്നേഹത്തിന്‍റെ വിജയമാണ് രാമായണം പ്രഖ്യാപിക്കുന്നതെന്നും ശ്രീരാമനും സീതയും രാമായണവും ജാതി,മത, ദേശഭേദങ്ങള്‍ക്ക് അതീതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രാണപ്രതിഷ്ഠയുടെ വിജയകരമായ നടത്തിപ്പിന് പൊലീസ് വിവിധ മതവിഭാഗങ്ങളുമായി ആശയവിനിമയം നടത്തി. പ്രതിഷ്ഠാദിനം പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ കേന്ദ്ര മന്ത്രിമാരോടും ബിജെപി നേതാക്കളോടും മോദി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിഷ്ഠാദിനത്തിന് ശേഷം ജനങ്ങള്‍ക്കൊപ്പം ട്രെയിനില്‍ എത്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും മോദി ആവശ്യപ്പെട്ടു. തീര്‍ഥാടനം സുഗമമാക്കാന്‍ അയോധ്യയിലെയും സമീപപ്രദേശത്തെയും കാലാവസ്ഥ വിശദീകരിക്കുന്ന പ്രത്യേക വെബ് പേജ് െഎഎംഡി സജ്ജമാക്കി.