kb-ganeshkumar-3

ഇലക്ട്രിക് ബസ് വിവാദത്തില്‍ സി.പി.എം തിരുത്തലിന് ശ്രമിച്ചതിന് പിന്നാലെ വിയോജിപ്പും നിരാശയും തുറന്ന് പറഞ്ഞ് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര്‍. ഇനി ഒരു തീരുമാനവും എടുക്കില്ലെന്നും തന്നെ ദ്രോഹിക്കാന്‍ ചിലര്‍ക്ക് താല്‍പര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്ന തീരുമാനത്തില്‍ നിന്ന് മന്ത്രി പിന്തിരിഞ്ഞേക്കും. മന്ത്രിയായ ശേഷമുള്ള ഈ ആദ്യപ്രഖ്യാപനത്തില്‍ തന്നെ ഗണേഷ്കുമാറിന് കൈപൊള്ളി. തിരുവനന്തപുരം നഗരത്തില്‍ ജനപ്രീയമായി ഓടുന്ന ഇലക്ട്രിക് ബസുകള്‍ പിന്‍വലിക്കുന്നതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തി.

ഇലക്ട്രിക് ബസുകള്‍ നഷ്ടമെന്ന മന്ത്രിയുടെ വാദം ശരിയല്ലെന്ന് തെളിയിച്ച് കെ.എസ്.ആര്‍.ടി.സിയുടെ കണക്കുകളും പുറത്തുവന്നു. ഇതോടെ മന്ത്രിയെടുത്ത തീരുമാനം സി.പി.എം ഇടപെട്ട് തിരുത്തുന്ന അവസ്ഥയായതോടെയാണ് ഇനി ഒരു തീരുമാനത്തിനുമില്ലെന്ന നിലപാട്. ഇതുമാത്രമല്ല, തന്നെ ദ്രോഹിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും മന്ത്രിക്ക് പരാതിയുണ്ട്. ഇങ്ങിനെയൊക്കെ പറഞ്ഞെങ്കിലും ഇലക്ട്രിക് ബസിലെ തീരുമാനം ഔദ്യോഗികമായി തിരുത്തിയിട്ടില്ല. കെ.എസ്.ആര്‍.ടി.സി നല്‍കിയ കണക്ക് മന്ത്രി പരിശോധിക്കുകയാണ്.

 

 

Minister KB Ganesh Kumar responds to ksrtc e bus controversy