nitish-india-alliance

നിലവിലെ സര്‍ക്കാരിന്‍റെ ഭരണം അവസാനിപ്പിച്ചെന്ന് ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ നിതീഷ് കുമാര്‍. മഹാസഖ്യത്തിലെ സ്ഥിതി മോശമാണ്. എല്ലാവരുടെയും അഭിപ്രായം മാനിച്ചാണ് തീരുമാനമെടുത്തതെന്നും നിതീഷ് വ്യക്തമാക്കി. ഇന്ത്യ മുന്നണിക്കെതിരെ താനിതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും സാധ്യമായതെല്ലാം ചെയ്തിട്ടും മുന്നണിയില്‍ ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

 

എന്നാല്‍ പോയവര്‍ പോകട്ടെ എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രതികരണം. ജെ.ഡി.യു പോകുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും നിശബ്ദത പാലിച്ചത് ഇന്ത്യ സഖ്യം തകരാതിരിക്കാനാണെന്നും ഖര്‍ഗെ പ്രതികരിച്ചു. മുന്നണി ഒറ്റക്കെട്ടായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിതീഷിനെതിരെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തി. രാഷ്ട്രീയ പങ്കാളിയെ അടിക്കടി മാറ്റുന്നുവെന്നും ഓന്തിനെ പോലെ നിറം മാറുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. വഞ്ചനയുടെ വിദഗ്ധനോട് ബിഹാറിലെ ജനം പൊറുക്കില്ലെന്നും സമൂഹമാധ്യമമായ എക്സില്‍ ജയറാം രമേശ് കുറിച്ചു. നിതീഷ് പോയതില്‍ അദ്ഭുതപ്പെടാനില്ലെന്നായിരുന്നു താരിഖ് അന്‍വറിന്‍റെ പ്രതികരണം. 

വൈകുന്നേരം 7 മണിയോടെ നിതീഷിന്‍റെ നേതൃത്വത്തിലുള്ള ജെ.ഡി.യു– ബി.ജെ.പി സഖ്യ സര്‍ക്കാര്‍ അധികാരമേല്‍ക്കും.  ജെ.ഡി.യു, ബി.ജെ.പി, എച്ച്.എ.എം പാര്‍ട്ടികള്‍ മന്ത്രിസഭയില്‍ അംഗങ്ങളാകുമെന്നാണ് കരുതുന്നത്. ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും. സുശീല്‍കുമാര്‍ മോദി മന്ത്രിസഭയിലുണ്ടായേക്കില്ല. അമിത് ഷായുടെ വിശ്വസ്തനായ സമ്രാട്ട് ചൗധരി ബിജെപിയുടെ നിയമസഭാകക്ഷി നേതാവാകും. നാലുവര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് നിതീഷ്കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ഫെബ്രുവരി നാലിന് മോദിക്കൊപ്പം നിതീഷ് കുമാര്‍ ബിഹാറില്‍ റാലി നടത്തും. 

അതേസമയം, കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ഉച്ചയ്ക്ക് ഒരുമണിയിലേക്ക് മാറ്റി. 19 എംഎല്‍എമാരില്‍ പകുതിയോളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് നേതാക്കള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇന്നലെ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ രണ്ട് എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുക്കാനെത്തിയത്. എംഎല്‍എമാരില്‍ ഭൂരിഭാഗവും നിതീഷിനൊപ്പം പോകുമെന്നാണ് റിപ്പോര്‍ട്ട്. 

 

I formed an Opposition alliance but nobody was working. It was bothering people; Nitish Kumar