regulatory-14
  • ഫ്ലാറ്റുടമകള്‍ പ്രത്യേക കണക്ഷന്‍ ചാര്‍ജ് നല്‍കണം
  • ഹൈടെൻഷൻ പോസ്റ്റിന്റെ സ്റ്റേ വയർ സ്ഥാപിക്കുന്ന ഫീസിൽ 85% വർധന
  • സിംഗിൾ ഫേസ് മീറ്റർ മാറ്റി വയ്ക്കാൻ 909 രൂപയാക്കി

സംസ്ഥാനത്ത് വൈദ്യുതി കണക്ഷൻ നൽകുന്നതിനുള്ള നിരക്കുകളിൽ 85% വരെ വർധന വരുത്തി റഗുലേറ്ററി കമ്മിഷന്‍റെ ഉത്തരവ്. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ കണക്ഷനായി പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള ഫീസ് 5,540 രൂപയിൽ നിന്ന് 7,547 രൂപയാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്. 

 

റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ലൈൻ മാറ്റി സ്ഥാപിക്കുകയും പുതിയ പോസ്റ്റിട്ട് കണക്ഷൻ എടുക്കേണ്ടി വരികയും ചെയ്യുമ്പോൾ ഒരു പോസ്റ്റ് സ്ഥാപിക്കാൻ 6700 രൂപ ആയിരുന്നത് 8563 രൂപയാക്കി.വർധന 35%.പോസ്റ്റിനു പുറമേ സ്റ്റേ വയർ സ്ഥാപിക്കണമെങ്കിൽ 11,706 രൂപ അടയ്ക്കണം. നിലവിലുള്ള 8170 രൂപയിൽ നിന്ന് 43% വർധനയാണ് വരുത്തിയത്. സിംഗിൾ ഫെയ്സ് മീറ്റർ മാറ്റി വയ്ക്കാൻ 610 രൂപ ആയിരുന്നത് 909 ആക്കി. 49% വർധന.ത്രീ ഫെയ്സ് മീറ്ററിനും 49% വർധനയുണ്ട്.800 രൂപയി‍ൽ നിന്ന് 1195 ആക്കി.ഹൈടെൻഷൻ മീറ്റർ സ്ഥാപിക്കണമെങ്കിൽ ഇപ്പോഴുള്ള 1400 രൂപയ്ക്ക് പകരം 1792 രൂപ നൽകണം.28% വർധന.

 

എൽടി ലൈൻ മാറ്റി പുതിയ ലൈൻ വലിക്കുന്നതിന് അടയ്ക്കേണ്ട തുകയിലും 49% വർധന ഉണ്ട്.മീറ്ററിന് 55 രൂപ ആയിരുന്നത് 82 ആക്കി. നിലവിലുള്ള എൽടി പോസ്റ്റിൽ സ്റ്റേ വയർ സ്ഥാപിക്കണമെങ്കിൽ ഒരു പോസ്റ്റിന് 3143 രൂപ നൽകണം. ഇപ്പോഴത്തെ 1750 രൂപയിൽ നിന്ന് 80% വർധനയാണ് വരുത്തിയത്. ഹൈടെൻഷൻ പോസ്റ്റിന്റെ സ്റ്റേ വയർ സ്ഥാപിക്കുന്ന ഫീസിൽ 85% വർധനയുണ്ട്.2310 രൂപയിൽ നിന്ന് 4293 ആക്കി.

 

നിലവിൽ ഫ്ലാറ്റ് ഉടമകൾക്കു വൈദ്യുതി കണക്ഷൻ നൽകുന്നത് ഡവലപ്പർമാർ ആണ്. എന്നാൽ ഇനി മുതൽ ഓരോ ഫ്ലാറ്റ് ഉടമയും പുതിയ നിരക്കുകൾക്കു പുറമേ പ്രത്യേക കണക്ഷൻ ചാർജ് ആയി 300 രൂപ വീതം വൈദ്യുതി ബോർഡിൽ അടയ്ക്കണം. ലോ ടെൻഷൻ സിംഗിൾ ഫെയ്സ് കണക്ഷനു നിലവിലുള്ള 1740 രൂപയും എൽടി ത്രീഫേസ് കണക്ഷന് ഇപ്പോഴുള്ള 4220 രൂപയും താൽക്കാലികമായി 10% വർധിക്കും. എൽടി ത്രീഫെയ്സ് കണക്ഷന് 10 മുതൽ 25 കിലോ വാട്ട് വരെ 14420 രൂപയും 25 മുതൽ 50 കിലോവാട്ട് വരെ 21750 രൂപയും എന്നതും താൽക്കാലികമായി 10% വർധിക്കും.കിലോവാട്ടിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി കണക്ഷൻ ഫീസ് ഈടാക്കുന്ന പുതിയ രീതി നിലവിൽ വരുമ്പോൾ ഈ നാലു വിഭാഗങ്ങളുടെ ഫീസ് വീണ്ടും വർധിക്കും.സാധന വിലയും കൂലിയും വർധിച്ച സാഹചര്യത്തിൽ നിരക്ക് പുതുക്കി നിശ്ചയിക്കണം എന്ന് റഗുലേറ്ററി കമ്മിഷനോട് ബോർഡ് ആവശ്യപ്പെട്ടിരുന്നു.

 

Regulatory commission hikes charge for electricity connection