k-krishnankutty

കെ.എസ്.ഇ.ബി എടുക്കുന്ന എല്ലാ തീരുമാനങ്ങളും, പരിഷ്കാരങ്ങളും മന്ത്രി അറിയണമെന്നില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി മനോരമ ന്യൂസിനോട്. നിരക്ക് വർധന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നടപ്പാക്കിയതാണ് . സ്വതന്ത്ര കമ്പനിയെന്ന നിലയിൽ കെ.എസ്.ഇ.ബിയുടെ കാര്യത്തിൽ സർക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ട്. നിരക്ക് വർധനയുമായി ബന്ധപ്പെട്ട് എ.കെ.ബാലന്റെ വിമർശനങ്ങളെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തിപരമായി തന്നെ ലക്ഷ്യം വച്ച് നടത്തിയ വിമർശനങ്ങളെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Read Also: വൈദ്യുതി നിരക്ക് വര്‍ധന; രൂക്ഷ വിമർശനവുമായി എ.കെ.ബാലൻ

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധനയിൽ രൂക്ഷവിമർശനവുമായി മുതിര്‍ന്ന സി.പി.എം നേതാവും മുൻ വൈദ്യുതിമന്ത്രിയുമായ എ.കെ.ബാലൻ രംഗത്തെത്തിയിരുന്നു. റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടികളാണ് പ്രതിസന്ധിക്ക് കാരണമായത്. ചക്കിക്കൊത്ത ചങ്കരനെ പോലെ കെ.എസ്.ഇ.ബിയും പെരുമാറുകയാണ്. വൈദ്യുതി വകുപ്പും മന്ത്രിയും പലതും അറിയുന്നില്ല. വൈദ്യുതി കമ്പനികളുമായുള്ള യു.ഡി.എഫ് ദീർഘകാല കരാർ ക്രമവിരുദ്ധമായിരുന്നെങ്കിലും അത് റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത് വീണ്ടുവിചാരമില്ലാതെയാണ്. പ്രത്യാഘാതങ്ങൾ മനസിലാക്കാതെയുള്ള തീരുമാനം വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലെത്തിച്ചുവെന്നും ബാലൻ വിമർശിച്ചു. നേരത്തെ ഭരണാനുകൂല തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയും നിരക്കു വര്‍ധനക്കെതിരെ രംഗത്തുവന്നിരുന്നു.

 

സംസ്ഥാനത്തെ വൈദ്യുതി ചാര്‍ജ് വര്‍ധനയില്‍ വിമര്‍ശനവും പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. കുറഞ്ഞനിരക്കില്‍ വൈദ്യുതി വാങ്ങാമായിരുന്ന ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അദാനിയില്‍ നിന്ന് വൈദ്യുതിവാങ്ങാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രവര്‍ത്തകസമിതി അംഗം രമേശ്ചെന്നിത്തലയും ആരോപിച്ചു. 

പ്രതിപക്ഷവുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും പറഞ്ഞു. കെഎസ്ഇബി കമ്പനിയാക്കിയ ശേഷം ദൈനംദിന ഇടപെടലുകളില്‍ സര്‍ക്കാരിന് പരിമിതികളുണ്ട്. അധിക വൈദ്യുതി വാങ്ങുന്നതില്‍ അദാനിയുമായുള്ളത് രണ്ട് ഹ്രസ്വ കരാറുകളാണെന്നും മന്ത്രി വിശദീകരിച്ചു.

ENGLISH SUMMARY:

The minister does not necessarily know all the decisions of KSEB: K. Krishnankutty