മാനന്തവാടിയില്‍ ഒരാളെ ചവിട്ടിക്കൊന്ന കാട്ടാനയെ മയക്കുവെടി വയ്ക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. ആനയെ ജനവാസ കേന്ദ്രത്തില്‍ നിന്ന് മാറ്റാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശ്രമിക്കുകയാണെന്നും അവരുടെ ആത്മവിശ്വാസം തകര്‍ക്കരുതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കാട്ടാനയുടെ ആക്രമണമുണ്ടായ വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും മതിയായ നടപടി സ്വീകരിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ആനയുടെ സിഗ്നല്‍ മൂന്ന് മണിക്കൂറോളം വൈകിയാണ് കിട്ടിയത്. നിരീക്ഷണത്തിനായി കേന്ദ്രീകൃത സംവിധാനം നിലവില്‍ ഇല്ലെന്നും പ്രോട്ടോക്കോള്‍ വേണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, മാനന്തവാടിയില്‍ മന്ത്രിയെത്തണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, സ്ഥലത്ത് എത്തുന്നതിനല്ലല്ലോ, പ്രശ്നം പരിഹരിക്കുന്നതിനല്ലേ പ്രാധാന്യം എന്നായിരുന്നു മന്ത്രിയുടെ മറുപടി.
അതിനിടെ പ്രതിഷേധ സ്ഥലത്തെത്തിയ കലക്ടര്‍ക്ക് നേരെ വന്‍ പ്രതിഷേധം. അജീഷിന്‍റെ മൃതദേഹം കാണാന്‍ കലക്ടറെ ജനങ്ങള്‍ അനുവദിച്ചില്ല. എസ്പി ഉള്‍പ്പടെയുള്ള പൊലീസുകാരെയും ജനങ്ങള്‍ വളഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഒന്നര മണിക്കൂറായി മൃതദേഹവുമായി നഗരം ഉപരോധിക്കുകയാണ് നാട്ടുകാര്‍. വനം വകുപ്പ് ഒരു വിവരങ്ങളും കൈമാറിയിരുന്നില്ലെന്നും അനൗണ്‍സ്മെന്‍റ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഗൗനിച്ചില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ വെളിപ്പെടുത്തിയിരുന്നു.ഇന്നലെ രാത്രിമുതല്‍ ആന പ്രദേശത്തുണ്ടായിരുന്നുവെന്നും വിവരം അറിയിച്ചിട്ടും ഒരു നടപടിയും വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും കൗണ്‍സിലര്‍ ടി.ജി. ജോണ്‍സന്‍ മനോരമന്യൂസിനോട് വ്യക്തമാക്കി.
പടമല പനച്ചിയിൽ അജീഷാണ് രാവിലെ ഏഴരയോടെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. കര്‍ണാടക പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട മോഴയാനയാണ് നാട്ടിലിറങ്ങി അക്രമം നടത്തിയത്. നിലവില്‍ ചാലിഗദ്ധയിലെ കുന്നിലാണ് ആനയുള്ളതെന്നും ഇതിനെ ജനവാസ മേഖലയില്‍ നിന്ന് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണെന്നും വനംവകുപ്പ് പറയുന്നു.
Wild elephant attack: Order for anestheic injection will issue soon, says Minister AK Saseendran