forest-department-pension

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടും പെന്‍ഷന്‍ പ്രായം കഴിഞ്ഞ ഉന്നതനെ സംരക്ഷിച്ച് വനംവകുപ്പ്. കേരള ഫോറസ്റ്റ് ഡവല്പെന്‍റ് കോര്‍പറേഷന്‍ തൃശൂര്‍ ഡിവിഷണല്‍ മാനേജര്‍ ടി.കെ.രാധാകൃഷ്ണനാണ് പെന്‍ഷന്‍ പ്രായം കഴിഞ്ഞ് അഞ്ചുമാസമായിട്ടും സര്‍വീസില്‍ തുടരുന്നത്.

 

രാധാകൃഷ്ണന്‍ വരുത്തുന്ന നഷ്ടങ്ങള്‍ക്ക് ‍ഡയറക്ടര്‍ ബോര്‍ഡ് ഉത്തരവാദിയായിരിക്കില്ലെന്ന് ഡയറക്ടര്‍ കെ.എസ്.ജ്യോതി, കേരള ഫോറസ്റ്റ് ഡവല്പെന്‍റ് കോര്‍പറേഷന്‍ എം.ഡിക്ക് രേഖാമൂലം കത്ത് നല്‍കി.

പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഭരണഭരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ ഇന്നലെയാണ് മന്ത്രിസഭായോഗം തള്ളിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എടുത്തിട്ടും പെന്‍ഷന്‍ പ്രായം കഴിഞ്ഞവര്‍ വനംവകുപ്പിന്‍റെ തലത്തുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരികയാണ്.  കേരള ഫോറസ്റ്റ് ഡവല്പെന്‍റ് കോര്‍പറേഷന്‍ ഡയറക്ടര്‍  കെ എസ് ജ്യോതി   എംഡിക്ക് രേഖാമൂലം  നല്‍കിയ കത്താണ് ക്രമക്കേട് വെളിപ്പെടുത്തുന്നത്.

കേരള ഫോറസ്റ്റ് ഡവല്പെന്‍റ് കോര്‍പറേഷന്‍ തൃശൂര്‍ ഡിവിഷണല്‍ മാനേജര്‍ ടി കെ രാധാകൃഷ്ണന്‍ മേയ് മാസത്തില്‍  വിരമിക്കേണ്ടതായിരുന്നു. എന്നാല്‍ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള അപേക്ഷ സര്‍ക്കാരിന്‍റെ മുന്‍പിലാണെന്ന് പറഞ്ഞ് രണ്ടുമാസം നീട്ടിമേടിച്ചു. പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് സര്‍ക്കാര്‍ ഒക്ടോബര്‍ എട്ടിന്  രാധാകൃഷ്ണനെ മറുപടി നല്‍കിയിട്ടും വിരമിക്കാന്‍ തയാറായില്ല.  

പെന്‍ഷന്‍ പ്രായം കഴിഞ്ഞും രാധാകൃഷ്ണന്‍ നടത്തുന്ന വകുപ്പിലെ ഇടപാടുകള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് കേരള ഫോറസ്റ്റ് ഡവല്പെന്‍റ് കോര്‍പറേഷന്‍ ഉത്തരവാദിയായിരിക്കെല്ലെന്നാണ് എംഡിയുടെ നിലപാട്. വനം വകുപ്പിലെ ഉന്നതരുടെ അനുമതിയോടെയാണ് രാധാകൃഷ്ണന്‍ സ്ഥാനത്ത് തുടരുന്നതെന്ന് വ്യക്തമാവുകയാണ്. പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് മന്ത്രിസഭായോഗം തീരുമാനമെടുത്തിട്ടും ടി കെ രാധാകൃഷ്ണനെ സംരക്ഷിച്ച് നിര്‍ത്തുമോ എന്നാണറിയേണ്ടത്. ഒരു ലക്ഷത്തിന് മേല്‍ അടിസ്ഥാന ശമ്പളമുള്ള  ഉദ്യോഗസ്ഥനാണ് സര്‍ക്കാര്‍ സര്‍വീസില്‍ തുടരുന്നത്

ENGLISH SUMMARY:

Forest department official continues service beyond retirement age.