കൊച്ചി നഗരമധ്യത്തിലെ ബാറിലുണ്ടായ വെടിവയ്പ്പില്‍ ലഹരിമാഫിയ ക്വട്ടേഷൻ സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍. ബാറിലെ സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് നടത്തിയ കൃത്യതയാര്‍ന്ന അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. കാറിന് മുന്നിൽ കയ്യിൽ തോക്കുമായി നില്‍ക്കുന്ന പ്രതികളുടെ ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
വെടിയുതിര്‍ത്ത് രക്ഷപ്പെട്ട പ്രതികളെ പതിമൂന്നാം മണിക്കൂറില്‍ കുരുക്കി കൊച്ചി സിറ്റി പൊലീസ്. സമീര്‍,വിജയ്, ദില്‍ഷന്‍ എന്നിവരാണ് പിടിയിലായത്. അന്വേഷണത്തില്‍ നിര്‍ണായകമായത് ബാറിന് മുന്നിലെ ഈ സിസിടിവി ദൃശ്യങ്ങള്‍. ഇന്നലെ രാത്രി പതിനൊന്നരയോടെ കലൂരിലെ ഇടശേരി മാന്‍ഷന്‍ ബാറിന് മുന്നിലായിരുന്നു വെടിവെയ്പ്. അനുവദനീയമായ സമയം കഴിഞ്ഞ് മദ്യം വാങ്ങാനെത്തിയ നാലംഗസംഘം ആദ്യം ബാര്‍ മാനേജര്‍ ജിതിനെ കയ്യേറ്റം ചെയ്തു. ഇത് കണ്ട് ഓടിവന്ന വെയ്റ്റര്‍മാര്‍ ആക്രമണം ചെറുത്തതോടെ യുവാക്കളില്‍ ഒരാള്‍ തോക്കെടുത്തു. ക്ലോസ് റേഞ്ചില്‍ ജീവനക്കാരായ അഖില്‍നാഥ് സുജിൻ എന്നിവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇതോടെ മറ്റ് ജീവനക്കാര്‍ ചിതറിയോടി. ഈ തക്കത്തില്‍ നാലംഗ സംഘം കാറുമായി കടന്നു. പിന്നാലെ പാഞ്ഞെത്തിയ നോര്‍ത്ത് പൊലീസ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞു. ഇവര്‍ക്ക് പിന്നാലെ പാഞ്ഞെങ്കിലും പൊലീസ് എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് മൂവാറ്റുപഴ മുടവൂരില്‍ കാര്‍ ഉപേക്ഷിച്ച് അക്രമികള്‍ കടന്നു.
വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിനൊടുവിലാണ് അക്രമിസംഘത്തിലെ മൂന്ന് പേരെ പിടികൂടിയത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. നോര്‍ത്ത് പൊലീസിന് പുറമെ ഡാന്‍സാഫ് സംഘം, സൈബര്‍ സെല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കമ്മിഷണര്‍ എസ്. ശ്യാംസുന്ദര്‍, ഡിസിപി കെ.എസ്. സുദര്‍ശന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.