തൃശൂര്‍ മാളയില്‍ വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച യുവാവ് അറസ്റ്റില്‍. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
മാള കിഴക്കെഅങ്ങാടിയിലെ മാമ്പിള്ളി റോഡിലായിരുന്നു വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചത്. അന്‍പത്തിയേഴുകാരി പട്ടാപ്പകല്‍ നടന്നുപോകുമ്പോഴായിരുന്നു മാല തട്ടിയെടുത്തത്. വീട്ടില്‍ നിന്ന് തയ്യല്‍ കടയിലേയ്ക്ക് വരികയായിരുന്നു. രണ്ടര പവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്. സ്കൂട്ടറില്‍ എത്തിയ ആളായിരുന്നു തട്ടിയെടുത്തത്. വഴിയാത്രക്കാരിയ്ക്കു വീണ് പരുക്കേറ്റിരുന്നു. പ്രതിയുടെ രൂപസാദൃശ്യങ്ങള്‍ പൊലീസ് ചോദിച്ചറിഞ്ഞിരുന്നു. ഇതുകൂടാതെ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ പരിശോധന നടത്തിയിരുന്നു. അങ്ങനെയാണ്, പ്രതിയെ തിരിച്ചറിഞ്ഞത്.
തലശേരി സ്വദേശി ഫാസിലായിരുന്നു മോഷ്ടാവ്. പെരുമ്പാവൂരിലും ഫാസില്‍ സമാനമായി മാല പൊട്ടിച്ചിരുന്നു. പെരുമ്പാവൂരിലെ കേസിലാണ് ആദ്യം പിടിക്കപ്പെട്ടത്. ഈ കേസില്‍ പിടിക്കപ്പെട്ട പ്രതിയുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് മാളയിലെ മാല പൊട്ടിക്കലില്‍ വഴിത്തിരിവായത്. മാള പൊലീസ് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച മാല ആലുവയിലാണ് വിറ്റത്. ഇത് കണ്ടെടുത്തു. പ്രതിെയ റിമാന്‍ഡ് ചെയ്തു.