പേട്ടയിലെ വഴിയരികില്‍ ഉറങ്ങികിടന്ന രണ്ടു വയസ്സുകാരിയെ കാണാതായ സംഭവം കേരളത്തെ നടുക്കുകയാണ്. കേരളത്തില്‍ തേന്‍ വില്‍ക്കാനെത്തിയ ഉത്തരേന്ത്യന്‍ നാടോടി കുടുംബം എന്തു ചെയ്യണമെന്നറിയാതെ പൊലീസ് സ്റ്റേഷനു മുന്നില്‍ കണ്ണുനിറച്ച് നില്‍ക്കുന്ന കാഴ്ച നെഞ്ചുലയ്ക്കുകയാണ്. ആ കുരുന്നിനെ തിരികെ കിട്ടാനുള്ള ശ്രമങ്ങളും പ്രാര്‍ഥനകളും ഒരുപോലെ നിറയുകയാണ്.

 

അ‍മര്‍ദിപ്–റബീന ദേവി ദമ്പതികളുടെ മകളായ മേരിയെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്ക് നാല് മക്കളാണ്, മൂന്ന് ആണ്‍കുട്ടികള്‍ക്കു ശേഷമുള്ള മകളാണ് കാണാതായ മേരി. പത്തുമണിയോടെ ഞങ്ങള്‍ കിടന്നുറങ്ങിപ്പോയെന്നും 12 മണി വരെ കുഞ്ഞ് കൂടെയുണ്ടായിരുന്നുവെന്നുമാണ് കുട്ടിയുടെ അച്ഛന്‍ പറയുന്നത്. കൊതുകുവലയ്ക്കുള്ളില്‍ ഞങ്ങള്‍ക്കൊപ്പം കിടന്ന കുഞ്ഞിനെയാണ് കാണാതായിരിക്കുന്നത്. രാത്രി പ്രാഥമിക കൃത്യനിര്‍വഹണ ഉണര്‍ന്നപ്പോഴാണ് കുഞ്ഞ് കൂടെയില്ലെന്ന് കണ്ടത്. പെട്ടെന്നു തന്നെ ഭാര്യയെയും മറ്റുള്ളവരെയും വിളിച്ചുണര്‍ത്തി തിരച്ചില്‍ തുടങ്ങി. ഒരു മണിക്കൂറിനകം പൊലീസില്‍ വിവരം അറിയിച്ചുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

 

ഇതിനിടെ മൂത്ത മകന്‍ തങ്ങള്‍ കിടന്ന സ്ഥലത്ത് ഒരു മഞ്ഞ സ്കൂട്ടര്‍ വന്നു നിന്നതായും അതില്‍ രണ്ടു പേരുണ്ടായിരുന്നു അവരാണ് കുഞ്ഞിനെ എടുത്തുകൊണ്ടുപോയതെന്നും പറഞ്ഞു. പൊലീസ് ചോദിച്ചപ്പോള്‍ ഇളയ സഹോദരനാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് കുട്ടി മൊഴി മാറ്റി. പക്ഷേ മാതാപിതാക്കള്‍ക്കും ആ മഞ്ഞ സ്കൂട്ടറിനെ ചുറ്റിപ്പറ്റിയാണ് സംശയം. കാണാതായപ്പോള്‍ ഒരു ടീ ഷര്‍ട്ട് മാത്രമാണ് കുഞ്ഞ് ധരിച്ചിരുന്നത്. മേരിയെ എത്രയും പെട്ടെന്ന് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

 

 

Two year old girl child sleeping on footpath was kidnapped in Pettah; Family seeks help