വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഏകോപനം ഉറപ്പാക്കുന്നതിനായി കോയമ്പത്തൂരിലെ സാലിം അലി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭുപേന്ദർ യാദവ്. പ്രശ്നക്കാരായ വന്യമൃഗങ്ങളെ പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ട്. ഇതിലേക്കായി 15.83 കോടി രൂപ കേരളത്തിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ഉപയോഗിച്ച് ജനങ്ങളെ സംരക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിലെത്തിയ കേന്ദ്രമന്ത്രി വിവിധ അവലോകന യോഗങ്ങൾക്ക് ശേഷമാണ് തീരുമാനങ്ങൾ അറിയിച്ചത്. കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കിടയിൽ വന്യജീവി സംഘർഷങ്ങളെ പ്രതിരോധിക്കുന്നതിനും ആനത്താരകൾ സംബന്ധിച്ച പഠനത്തിനുമായാണ് സാലിം അലി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയത്.
ബേലൂർ മഖ്നയെ പിടികൂടുന്നതുവരെ ദൗത്യം തുടരുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കർണാടക വനമേഖലയിലുള്ള ബേലൂർ മഖ്നയെ വനംവകുപ്പ് നിരീക്ഷിച്ച്് വരികയാണ്. കേരളത്തിനുള്ളിൽ കടന്ന് വനാതിർത്തിക്ക് പുറത്തെത്തിയാലേ വെടിവയ്ക്കാൻ കഴിയുകയുള്ളെന്നും അദ്ദേഹം വ്യക്തമാക്കി.
ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യത്തിൽ വനംവകുപ്പിനെ സഹായിക്കാൻ ട്രാക്കിങ് വിദഗ്ധനും ഷാർപ്പ് ഷൂട്ടറുമായ ഹൈദരാബാദ് സ്വദേശി നവാബ് അലി ഖാൻ ദൗത്യസംഘത്തിനൊപ്പം ചേർന്നു. വൈൽഡ്ലൈഫ് ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സാങ്കേതിക പ്രവർത്തകരും ദൗത്യസംഘത്തിനൊപ്പമുണ്ട്.
Salim Ali institute to coordinate actions against wild animal menace in wayanad