സംസ്ഥാനത്തെ തിയറ്ററുകളിൽ ഇന്ന് മുതൽ മലയാള സിനിമ റിലീസില്ല. കണ്ടന്റ് മാസ്റ്ററിങും സിനിമ ഒടിടിയിലേക്ക് നൽകുന്നതും അടക്കമുള്ള വിവിധ വിഷയങ്ങളിൽ നിർമാതാക്കളുമായി നിലനിൽക്കുന്ന തർക്കത്തിന് പരിഹാരം ആവശ്യപ്പെട്ട് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് സമരപ്രഖ്യാപനം. 28ന് ഫിലിം ചേംബറിന്റെ സാന്നിധ്യത്തിൽ പ്രശ്നം പരിഹരിക്കാൻ ചർച്ച വിളിച്ചുവെങ്കിലും പങ്കെടുക്കില്ലെന്നാണ് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട്.
നല്ല സിനിമകളും മികച്ച കലക്ഷനുമായി വ്യവസായം സജീവമാകുന്ന കാലത്താണ് സിനിമാസംഘടനകളുടെ തമ്മിലടി. 42 ദിവസത്തിന് ശേഷമേ ചിത്രങ്ങൾ ഒടിടിയിൽ നൽകുകയുള്ളു എന്ന മുൻധാരണ നിർമാതാക്കൾ ലംഘിച്ചുവെന്നാണ് തിയറ്റർ ഉടമകളുടെ ആരോപണം. രണ്ട്, നിലവിൽ യുഎഫ്ഒ അടക്കമുള്ള കമ്പനികളുടെ ഡിജിറ്റൽ കണ്ടന്റ് കാണിക്കാൻ കഴിയുന്ന പ്രൊജക്ടുകളാണ് സംസ്ഥാനത്തെ ഭൂരിപക്ഷം തിയറ്ററുകളിലുമുള്ളത്.
എന്നാൽ നിർമാതാക്കളുടെ സംഘടനയിൽപെട്ട ചിലർ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചതോടെ അവരുടെ കണ്ടന്റ് തിയറ്ററിൽ നൽകണമെന്ന് പറഞ്ഞ് തിയറ്ററുടമകളെ ഭീഷണിപ്പെടുത്തുകയാണെന്നാണ് ആരോപണം. ഈ സിനിമ കണ്ടന്റുകൾ പ്രദർശിപ്പിക്കണമെങ്കിൽ വിലകൂടിയ പുതിയ പ്രൊജക്ടറുകൾ വാങ്ങേണ്ട ഗതികേടിലാണെന്നും വ്യവസായത്തിന് ഇത് നഷ്ടമാണെന്നും ഫിയോക് ആരോപിക്കുന്നു.
എന്നാൽ ഈ ആരോപണം നിർമാതാക്കൾ നിഷേധിക്കുന്നു. പുതിയതായി ആരംഭിക്കുന്ന തിയറ്ററുകളിലാണ് നിർമാതാക്കളുടെ കണ്ടന്റ് മാസ്റ്ററീങ് വഴിയുള്ള സിനിമ പ്രദർശിപ്പിക്കാൻ തിയറ്റുകളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് യുഎഫ്ഒ പോലുള്ള ഇടനിലക്കാരെ ഒഴിവാക്കാനാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നു.
സിനിമയ്ക്ക് ഗുണകരമല്ലാത്ത സാഹചര്യത്തിലേക്ക് പ്രശ്നം നീങ്ങിയിട്ടും ഫിലിം ചേംബറിന് പോലും നിർണായക ഇടപെടൽ നടത്താൻ കഴിയാത്ത തരത്തിൽ തിയറ്ററുടമകളും നിർമാതാക്കളും അവരവരുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
Kerala theatre owners will stop screening malayalam films from february 23