sudhakaran-jayanth-29
  • മല്‍സരിക്കാനില്ലെന്ന് സുധാകരന്‍ സ്ക്രീനിങ് കമ്മിറ്റിയെ അറിയിച്ചു
  • പാനല്‍ ഒഴിവാക്കി ഒറ്റപ്പേര് നല്‍കാന്‍ നീക്കം
  • സാമുദായിക സമവാക്യം പരിഗണിക്കുമെന്ന് കെ.മുരളീധരന്‍

കണ്ണൂരിൽ കെ. ജയന്തിനെ നിർദേശിച്ച് മൽസരത്തിൽ നിന്ന് പിന്മാറി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. അധ്യക്ഷ പദവിയിലിരുന്ന് മൽസരിക്കാനില്ലെന്ന് സ്ക്രീനിങ് കമ്മിറ്റിക്ക് മുൻപാകെ സുധാകരൻ അറിയിച്ചു. മാവേലിക്കര, പത്തനംത്തിട്ട ഉൾപ്പെടെ മണ്ഡലങ്ങളിൽ പാനൽ നൽകാനാണ് തീരുമാനം. സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചാകും തീരുമാനമെന്ന് കെ.മുരളീധരൻ പറഞ്ഞു. 

കണ്ണൂരിൽ കെ.ജയന്തിന്‍റെ പേര് മാത്രം ഹൈക്കമാൻഡിന് സമർപ്പിക്കാനാണ് സുധാകരന്‍ സമ്മർദ്ദം ചെലുത്തുന്നത്. എന്നാൽ സുധാകരന്‍റെ പേര് ഉൾപ്പെടെ ചേർത്ത് പാനൽ  തീരുമാനം ഹൈക്കമാൻഡിന് വിടുന്നതും സ്ക്രീനിങ് കമ്മിറ്റി പരിഗണിക്കുന്നുണ്ട്. ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ ഇല്ലെങ്കിൽ ന്യൂനപക്ഷ വിഭാഗത്തിന് പരിഗണന നൽകും. വയനാട്ടിൽ രാഹുൽഗാന്ധി മത്സരത്തിൽ ഇല്ലെങ്കിൽ അവിടെ ന്യൂനപക്ഷ വിഭാഗത്തിന് പരിഗണിച്ചുകൊണ്ട് ആലപ്പുഴ രാഹുല്‍ മാങ്കൂട്ടത്തിലിന് നല്‍കുന്നതും പരിഗണനയിലുണ്ട്.

ഭൂരിഭാഗം മണ്ഡലങ്ങളിലും സിറ്റിങ്ങ് എംപിമാരെ തന്നെ പരിഗണിക്കുമ്പോൾ മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളിൽ പാനൽ നൽകാനാണ് നീക്കം. മാവേലിക്കരയിൽ കൊടുക്കുന്നിൽ സുരേഷിന്റെ പുറമേ വി പി സജീന്ദ്രന്റെയും പത്തനംതിട്ടയിൽ ആന്‍റോ ആന്റണിക്കൊപ്പം അബിൻ വർക്കിയുടെയും പേരുകൾ നൽകും. 

അതേസമയം കണ്ണൂരില്‍ കരുത്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്ന് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. സാമുദായിക സമവാക്യങ്ങള്‍ കൂടി പരിഗണിച്ചാകും തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

Loksabha Election 2024; K Sudhakaran to suggest K Jayanth for Kannur