akhilesh-yadav-and-rahul-gandhi

കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ചൂടിനൊപ്പം ഉത്തർപ്രദേശിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഒൻപത് നിയമസഭാ മണ്ഡലങ്ങളാണ് നവംബർ 13 നാണ് വിധി എഴുതുക. കേരളത്തിലേതിന് സമാനമാണ് ഉത്തർപ്രദേശിലെയും ഉപതിരഞ്ഞെടുപ്പ് കാരണം.

എട്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് വരുന്നത് മുൻ എംഎൽഎമാർ ലോക്സഭയിലേക്ക് പോയതാണ്. സിഷാമൗവിൽ എംഎൽഎ അയോ​ഗ്യനായതാണ് ഉപതിരഞ്ഞെടുപ്പിന്റെ കാരണം. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഊർജം ഉൾകൊണ്ട് ഇന്ത്യാസഖ്യം ഇത്തവണ മുഴുവൻ സീറ്റും പിടിച്ചെടുക്കാനുള്ള നീക്കമാണ് നടത്തുന്നത്. 

ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നാണ് കോൺ​ഗ്രസ് തീരുമാനം. പാർട്ടി താൽപ്പര്യങ്ങൾക്കപ്പുറം ഭരണഘടന സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് മുൻഗണന നൽകാനുള്ള തീരുമാനമാണ് പാർട്ടിയുടെ തീരുമാനത്തിന് പിന്നിലെന്ന് യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഇൻചാർജ് അവിനാഷ് പാണ്ഡെ പറഞ്ഞു. ​ഗാസിയാബാദ്, ഖൈർ സീറ്റുകളാണ് സമാജ്‍വാദി പാർട്ടി കോൺ​ഗ്രസിന് വിട്ടുനൽകിയത്. വർഷങ്ങളായി ബിജെപി വിജയിക്കുന്ന സീറ്റുകളാണിവ.  

ഗാസിയാബാദിന് പകരം മജ്ഹവാൻ സീറ്റ് നൽകണമെന്ന ആവശ്യം എസ്പി അംഗീകരിച്ചില്ല. ഇതാണ് മത്സരത്തിൽ നിന്ന് പിന്മാറാൻ കാരണമെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പിൽ മുഴുവൻ സ്ഥാനാർഥികളും സൈക്കിൾ ചിഹ്നത്തിലാണ് മത്സരിക്കുകയെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് എക്സിൽ കുറിച്ചത്. 

വിജയം ലക്ഷ്യമിട്ടാണ് ഈ തീരുമാനം. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഒറ്റക്കെട്ടാണ്, വൻ വിജയത്തിനായി തോളോട് തോൾ ചേർന്ന് നിൽക്കും. ഈ ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം വിജയത്തിൻ്റെ പുതിയ അധ്യായം രചിക്കുമെന്നും അഖിലേഷ് എക്സിൽ എഴുതി.  ഇന്ത്യ സഖ്യ പാർട്ടികളുടെ വിജയം ഉറപ്പാക്കാൻ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പ്രവർത്തിക്കുമെന്നാണ് അവിനാഷ് പാണ്ഡെയും പറഞ്ഞത്. 

കടേഹാരി, കർഹാൽ, മീരാപൂർ, ഗാസിയാബാദ്, മജ്ഹവാൻ, സിസാമൗ, ഖൈർ, ഫുൽപൂർ, കുന്ദർക്കി നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കേസുള്ളതിനാൽ മിൽകിപൂരിലെ ഉപതിരഞ്ഞെടുപ്പ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇതിൽ സിസാമൗ, കടേഹരി, കർഹാൽ, മിൽകിപൂർ, കുന്ദർക്കി മണ്ഡലങ്ങളിൽ സമാജ്‍വാദി പാർട്ടിയാണ് വിജയിച്ചത്. ബിജെപി വിജയിച്ചത് ഫുൽപൂർ, ഗാസിയാബാദ്, മജ്ഹവാൻ, ഖൈർ മണ്ഡലങ്ങളിലാണ്. മീരാപൂരിൽ രാഷ്ട്രീയ ലോക് ദളാണ് മരിച്ചത്. 

ENGLISH SUMMARY:

Congress not contest in UP By election and support India alliance candidates.