തിരുവനന്തപുരം കാര്യവട്ടം കാംപസിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതെന്ന് സംശയം. തലശേരിയില്‍ മേല്‍വിലാസമുള്ള യുവാവിന്റെ ഡ്രൈവിങ് ലൈസന്‍സ് അസ്ഥികൂടത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തു. ഷര്‍ട്ടിന്റെയും പാന്‍സിന്റെയും അവശിഷ്ടം ലഭിച്ചതോടെ അസ്ഥികൂടം പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം.
നൂറ് കണക്കിന് വിദ്യാര്‍ഥികളും ജീവനക്കാരമുള്ള കാംപസ്, അതിലെ കാട് പിടിച്ച് കിടക്കുന്ന ഭാഗത്ത് വര്‍ഷങ്ങളായി ഉപയോഗിക്കാതിട്ടിരുന്ന വാട്ടര്‍ ടാങ്കിനുള്ളിലാണ് ഇന്നലെ വൈകിട്ടോടെ ജീവനക്കാരന്‍ അസ്ഥികൂടം കണ്ടത്.
അസ്ഥികൂടം ആരുടേതെന്ന ചോദ്യത്തിന് ചില സൂചനകള്‍ വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഷര്‍ട്ടിന്റെയും പാന്‍സിന്റെയും വസ്ത്ര അവശിഷ്ടം ലഭിച്ചതിനാല്‍ പുരുഷനായിരിക്കാം. അത് ശരിവെക്കുന്ന തരത്തില്‍ 39 കാരനായ കണ്ണൂര്‍ തലശേരി സ്വദേശിയുടെ ഡ്രൈവിങ് ലൈസന്‍സും ലഭിച്ചു. അതില്‍ പറഞ്ഞിരിക്കുന്ന യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷിക്കാന്‍ കണ്ണൂര്‍ പൊലീസിന്റെ സഹായം തേടി.
ഇതുകൂടാതെ ബാഗ്, കണ്ണട, ടൈ തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. ആത്മഹത്യയെന്നതാണ് സാഹചര്യത്തെളിവുകളില്‍ നിന്ന് പ്രാഥമികമായി വിലയിരുത്തുന്നത്. കാരണം തൂങ്ങിമരിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കുരുക്കിട്ട കയറും ടാങ്കിനുള്ളിലുണ്ട്. അസ്ഥികൂടത്തിന് ഒരു വര്‍ഷത്തെ പഴക്കവുമുണ്ട്. എന്തായാലും തലശേരി സ്വദേശിയേ കേന്ദ്രീകരിച്ചുള്ള അന്വേഷണവും അസ്ഥികൂടത്തിന്റെ ഫൊറന്‍സിക് പരിശോധനയും കഴിഞ്ഞാല്‍ മാത്രമേ ദുരൂഹതകള്‍ക്ക് ഉത്തരമാകൂ.
The skeleton found in the water tank