മരപ്പട്ടിശല്യം കാരണം ജീവിക്കാന്‍ പറ്റുന്നില്ലെന്ന് മുഖ്യമന്ത്രി പരിഭവം പറഞ്ഞ മന്ത്രിമന്ദിരങ്ങള്‍ നവീകരിക്കാന്‍ അരക്കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രി പരാതി പറയുന്നതിന് തൊട്ടുമുന്‍പാണ് നാല്‍പ്പത്തിയെട്ട് ലക്ഷത്തി തൊണ്ണൂറ്റിയോരായിരം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. ഇതുകൂടാതെ മൂന്ന് വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ വസതിയില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ മാത്രം ഒന്നേമുക്കാല്‍ കോടിയിലേറെ രൂപ ചെലവാക്കിയെന്നും കണക്കുകള്‍.
മുഖ്യമന്ത്രി മരപ്പട്ടിശല്യത്തെ പറ്റി പറയുന്നതിന് രണ്ട് ദിവസം മുന്‍പ്, അതായത് 26ന് 48 ലക്ഷത്തി തൊണ്ണൂറ്റിയോരായിരം രൂപയാണ് മന്ത്രിമന്ദിരങ്ങളുടെ നവീകരണത്തിന് അനുവദിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയേക്കുറിച്ച് സര്‍ക്കാര്‍ പറയുന്ന സമയത്താണ് ഈ അരക്കോടിയോളം രൂപ ചെലവഴിക്കുന്നത്. ഇപ്പോള്‍ മാത്രമല്ല പ്രതിസന്ധിയുടെ ഒരുഘട്ടത്തില്‍ പോലും മന്ത്രിമന്ദിരങ്ങളുടെ നവീകരണത്തിന് ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാര്‍ മടികാണിച്ചിട്ടില്ല. 2021നും 23നും ഇടയില്‍ ഒരു കോടി 74 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ വസതിയുടെ നവീകരണത്തിന് മാത്രം ടെണ്ടര്‍ വിളിച്ചത്. ഇതില്‍ നീന്തല്‍ക്കുളത്തിനുള്ള 42 ലക്ഷവും ലിഫ്റ്റിനുള്ള 25 ലക്ഷവും തൊഴുത്തിനുള്ള 40 ലക്ഷവുമെല്ലാം ഉള്‍പ്പെടും.
മുഖ്യമന്ത്രി പറയുന്നത് നൂറ് ശതമാനവും ശരിയാവാം. പക്ഷെ നീന്തല്‍ക്കുളവും തൊഴുത്തുംപോലെ അത്ര അത്യാവശ്യമല്ലാത്തെ കാര്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ ചെലവഴിക്കുന്നതിന് പകരം മരപ്പട്ടിയെ ഓടിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഈ കഷ്ടപ്പാട് പറച്ചില്‍ ഒഴിവാക്കാമായിരുന്നു.
Fund sanctioned for renovation of Cliff House