cm-christmas-message

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം കേരളത്തിനും മലയാളികള്‍ക്കും അപമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിസ്മസ് സന്ദേശത്തിലാണ് മുഖ്യമന്ത്രി സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. മത വിശ്വാസത്തെ അപരവിദ്വേഷത്തിന്‍റെ ഹേതുവാക്കാന്‍  ചിലര്‍ ശ്രമിക്കുകയാണ്.  ഇത്തരം ശക്തികളെചെറുക്കണം, നാടിന്‍റെ യഥാര്‍ഥ സത്ത സംരക്ഷിക്കണം. വര്‍ഗീയ ശക്തികളെ കേരളത്തിന്‍റെ പടിക്കു പുറത്തു നിര്‍ത്തണമെന്നും കുറിപ്പില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ കുറിപ്പിങ്ങനെ: 

മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും സ്നേഹത്തിൻ്റേയും സന്ദേശവാഹകരാകണം. കേരളം ഇക്കാര്യത്തിൽ ലോകത്തിനു മുന്നിൽ എക്കാലവും ഒരു മാതൃകയാണ്.

എല്ലാ ആഘോഷങ്ങളും സ്നേഹത്തിൻ്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മൾ കാണാറുള്ളത്. ഒരു മതവിഭാഗത്തിൻ്റെ ആഘോഷങ്ങളിൽ മറ്റുള്ളവരും ഒത്തു ചേരും. ഇതു കേരളത്തിൻ്റെ പാരമ്പര്യമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങൾ തൻ്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്. മതങ്ങളെ മനുഷ്യത്വത്തിൻ്റേയും സാഹോദര്യത്തിൻ്റേയും മനോഹരാവിഷ്കാരങ്ങളായി നിലനിർത്തുന്ന ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്ത്.

അതിനെ ദുർബലപ്പെടുത്താനും മതവിശ്വാസത്തെ അപരവിദ്വേഷത്തിൻ്റെ ഹേതുവായി മാറ്റാനും ചില ക്ഷുദ്ര വർഗീയശക്തികൾ ഇന്നു കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ചില ആക്രമണങ്ങൾ ആ യാഥാർത്ഥ്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. കേരളത്തിനും മലയാളികൾക്കും അപമാനമായി മാറുന്ന ഈ സംസ്കാരശൂന്യർക്കെതിരെ ഒരുമിച്ച് നിൽക്കാൻ നമുക്ക് സാധിക്കണം.

അവരെ ചെറുക്കാനും ഈ നാടിൻ്റെ യഥാർത്ഥ സത്തയെ സംരക്ഷിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട്, യേശു ക്രിസ്തുവിൻ്റെ ജന്മദിനം മാനവികതയുടേയും സ്നേഹത്തിൻ്റേയും സന്ദേശങ്ങളാൽ മുഖരിതമാകട്ടെ. വിശ്വാസം കേവലമായ ചര്യയല്ലെന്നും മറിച്ച് മനുഷ്യസ്നേഹത്തിൻ്റെ സാക്ഷാത്ക്കാരമാണെന്നും ലോകത്തിനു കാണിച്ചു കൊടുത്ത ജീവിതമായിരുന്നു യേശുവിൻ്റേത്. ത്യാഗത്തിൻ്റെയും രക്ത്സാക്ഷിത്വത്തിൻ്റേയ്യും അനശ്വര പ്രതീകമാണ് ക്രിസ്തു. അശരണരേയും ആലംബഹീനരേയും ചേർത്തു നിർത്തിയ യേശു അനീതികൾക്കെതിരെ വിമോചനത്തിൻ്റെ ശബ്ദമുയർത്തുകയാണ് ചെയ്തത്.

യേശുവിൻ്റെ ത്യാഗം എല്ലാ മനുഷ്യർക്കും ലോകത്തിൻ്റെ നന്മയ്ക്കും വേണ്ടിയായിരുന്നു. അതുകൊണ്ടു തന്നെ മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവർത്തനം ചെയ്യുന്ന വർഗീയ ശക്തികളെ കേരളത്തിൻ്റെ പടിയ്ക്കു പുറത്തു നിർത്താം. എല്ലാവർക്കും ഒത്തൊരുമിച്ച് ആഹ്ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കാം. ഏവർക്കും ഹൃദയപൂർവ്വം ക്രിസ്മസ് ആശംസകൾ നേരുന്നു.

അതേസമയം,  സിബിസിഐ ആസ്ഥാനത്ത് മോദി നടത്തിയത് രാഷ്ട്രീയ നാടകമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ വിമര്‍ശനം. നല്ലേപ്പിള്ളിയില്‍ ക്രിസ്മസ് ആഘോഷം താറുമാറാക്കിയത് സംഘബന്ധുക്കളാണ്. സ്റ്റാന്‍ സ്വാമിയെ കുറിച്ച് മോദി ഒന്നും പറയാത്തത് എന്തുകൊണ്ടെന്നും ബിനോയ് വിശ്വം ചോദിച്ചു. ക്രിസ്മസ് വിരുന്നില്‍ പ്രധാനമന്ത്രി മണിപ്പുരിനെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്നും എന്നാല്‍ ജര്‍മനിയെ കുറിച്ച് പറഞ്ഞുവെന്നും എഐസിസി ജനറല്‍  സെക്രട്ടറി കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. മോദിയുടെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു. 

ENGLISH SUMMARY:

Chief Minister Pinarayi Vijayan termed the Sangh Parivar's attack on Christmas celebrations as an insult to Kerala and Malayalis. In his Christmas message, the Chief Minister expressed strong criticism