സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് ധനപ്രതിസന്ധിയെ തുടർന്ന്. സാങ്കേതിക പ്രശ്നമെന്ന് പറയുന്ന ട്രഷറി വകുപ്പിനും ധനവകുപ്പിനും എന്താണ് പ്രശ്നമെന്ന് വിശദീകരിക്കാനാവുന്നില്ല. ജീവനക്കാരുടെ എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം വരവു വെച്ചെങ്കിലും അവിടെ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറിയില്ല. ഓൺലൈനായി പണം മാറ്റാൻ ശ്രമിച്ചവർക്കും അതിന് സാധിച്ചില്ല. അക്കൗണ്ട് മരവിപ്പിച്ചതിനാലാണ് ഇതെന്നാണ് സർവീസ് സംഘടനകൾ പറയുന്നത്.  

 

ശമ്പളം കൊടുത്തു എന്നു വരുത്തി വിമർശനം ഒഴിവാക്കാനുള്ള സർക്കാർ തന്ത്രമാണ് ഇതെന്നാണ് ആരോപണം. പണമില്ലാത്ത പേരിൽ ശമ്പളം മുടങ്ങുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണെന്നും പ്രതിപക്ഷ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തരം, റവന്യു, ട്രഷറി, ജിഎസ്ടി വകുപ്പുകളിലും സെക്രട്ടേറിയറ്റിലുമായി ഏകദേശം 97000 പേർക്ക് മാസത്തിലെ ആദ്യ ദിനമായ ഇന്നലെ ശമ്പളം കിട്ടേണ്ടിയിരുന്നു. അധ്യാപകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് ഇന്നാണ് ശമ്പളം നൽകേണ്ടത്. ശമ്പളം മുടങ്ങുന്നത് തുടർന്നാൽ സമരത്തിലേക്ക് നീങ്ങാനാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ ആലോചന.

 

kerala government employees salary issue