എഡിജിപി എം.ആർ.അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകി കൊണ്ടുള്ള റിപ്പോർട്ട് അന്വേഷണ സംഘം വിജിലൻസ് ആസ്ഥാനത്ത് സമർപ്പിച്ചു. റിപ്പോർട്ട് അതേപടി സർക്കാരിനു കൈമാറുമോ, കൂടുതൽ അന്വേഷണം ആവശ്യപ്പെടുമോയെന്നതിൽ ഡയറക്ടർ യോഗേഷ് ഗുപ്തയുടെ നിലപാട് നിർണായകമാകും. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ  വീട് നിര്‍മാണം, തുടങ്ങിയവയടക്കമുള്ള പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു വിജിലൻസ് അന്വേഷണം.

ആരോപണങ്ങളിൽ കഴമ്പില്ലെന്നും, ആരോപണം തെളിയിക്കാനുള്ള യാതൊരു രേഖകളും പരാതിക്കാരൻ സമർപ്പിച്ചില്ലെന്നും, അന്വേഷണത്തിൽ വിജിലൻസിനും ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലൻസ് പ്രത്യേക അന്വേഷണ സംഘം ഒന്നിലെ ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള സർക്കാർ തീരുമാനത്തിനു പിന്നാലെയാണ് ക്ലീൻ ചിറ്റ് നൽകി കൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട്.

ആരോപണം ഒന്ന്. കവടിയാറിൽ ആഡംബര വീടു നിർമിക്കുന്നു; എന്നാൽ എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിർമാണമെന്നാണ് കണ്ടെത്തത്തിയത്. വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്തുവിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലൻസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആരോപണം രണ്ട്:ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റു; 2009 ലാണ്  ഫ്ലാറ്റ് വാങ്ങാൻ 37 ലക്ഷം രൂപക്ക് കരാർ ഒപ്പിടുന്നതെന്നും ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തെന്നും പറയുന്നു. 2013 ൽ കമ്പനി ഫ്ലാറ്റ് കൈമാറി. പക്ഷെ സ്വന്തം പേരിലേക്ക് ഫ്ലാറ്റ് രജിസ്റ്റർ ചെയ്യാൻ വൈകി എന്ന് മാത്രമാണ് വിജിലൻസ് കണ്ടെത്തൽ .എട്ട് വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വീടിന്‍റെ വിലയിൽ ഉണ്ടായതെന്നും വിജിലൻസ് വിലയിരുത്തുന്നു.

ആരോപണം മൂന്ന്: കരിപ്പൂർ വഴിയുള്ള  സ്വർണക്കടത്തിലൂടെ പങ്ക് പറ്റുന്നു; സ്വർണക്കടത്തുമായി ബന്ധിപ്പിക്കുന്ന യാതൊരു തെളിവും പി.വി.അൻവർ നൽകിയില്ലെന്നും വിജിലൻസിനു തെളിവു കിട്ടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയുടെ നിലപാടാണ് നിർണായകം. അദ്ദേഹത്തിന്‍റെ മേൽനോട്ടത്തിലായിരുന്നു കേസ് അന്വേഷണം. റിപ്പോർട്ടിൽ കൂടുതൽ അന്വേഷണത്തിനു ഡയറക്ടർ ആവശ്യപ്പെടുമോ, അതോ നൽകിയ റിപ്പോർട്ട് ശുപാർശയോടെ സർക്കാരിനു കൈമാറുമോയെന്നാണ് ഇനി അറിയേണ്ടത്.

ENGLISH SUMMARY:

The allegations are baseless: Vigilance gives a clean chit to Ajith Kumar