സര്‍ക്കാര്‍ ജീവനക്കാരുടെ മുടങ്ങിയ ശമ്പളം വിതരണം ചെയ്ത് തുടങ്ങിയെങ്കിലും പിന്‍വലിക്കാന്‍ പരിധിവച്ച് ധനവകുപ്പ്. പണമില്ലാത്തതിനാല്‍ ട്രഷറിയില്‍ നിന്ന് പിന്‍വലിക്കാവുന്ന എല്ലാ തുകയ്ക്കും 50000 രൂപ എന്ന് പരിധി നിശ്ചയിച്ചു. ശമ്പളത്തിനും പെന്‍ഷനും മാത്രമാണ് നിയന്ത്രണമെന്ന് ധനമന്ത്രി അവകാശപ്പെട്ടെങ്കിലും നിക്ഷേപത്തിന് ഉള്‍പ്പടെ ബാധകമാക്കാനാണ് ട്രഷറി അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സാങ്കേതിക പ്രശ്നമാണ് ശമ്പളം മുടക്കിയതെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പച്ചക്കള്ളം പറഞ്ഞെന്ന് ശമ്പളം മുടങ്ങിയതിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ സമരത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിത്തുടങ്ങി. ആദ്യശമ്പളദിവസങ്ങളില്‍ കിട്ടേണ്ടവരുടെ അക്കൗണ്ടിലാണ് നാലാം തീയതിയായപ്പോള്‍ പണം എത്തിയത്. എന്നാല്‍ ദിവസം 50000 രൂപയേ പിന്‍വലിക്കാനാകൂ. ശമ്പളത്തിനും പെന്‍ഷനും മാത്രമാണ് നിയന്ത്രണമെന്ന് ധനമന്ത്രി. എന്നാല്‍ എല്ലാത്തരം പിന്‍വലിക്കലുകള്‍ക്കും പരിധി വെക്കാനാണ് ട്രഷറി ജീവനക്കാര്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം. 50000 ല്‍ കൂടുതല്‍ തുക എഴുതിയ ചെക്കുമായി എത്തിയവരോട് പുതിയ ചെക്ക് നല്‍കാന്‍ കൗണ്ടറില്‍ നിന്ന് നിര്‍ദേശിച്ചു.

നിയന്ത്രണം താല്‍ക്കാലികമെന്നും മൂന്നുനാല് ദിവസം കൊണ്ട് പ്രശ്നം തീരുമെന്നുമാണ് മന്ത്രി പറഞ്ഞതെങ്കിലും ട്രഷറി നേരിടുന്നത് ഗുരുതര പ്രതിസന്ധിയാണെന്നു വ്യക്തം. ശമ്പളം മുടങ്ങിയത് ട്രഷറിയില്‍ പണമില്ലാത്തിനാലെന്ന് തുറന്നുസമ്മതിക്കാന്‍ ഇനിയും ധനമന്ത്രി തയ്യാറല്ല. എന്താണ് സാങ്കേതിക പ്രശ്നമെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരവുമില്ല.

മന്ത്രി വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ പുറത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ജീവനക്കാര്‍ സമരം തുടങ്ങി. ഖജനാവില്‍ പൂച്ച പെറ്റുകിടക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷനേതാവ്. എറണാകുളം കലക്ടറേറ്റില്‍ ജല്ലാ ട്രഷറി ഓഫീസിന് മുന്നില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Finance minister kn balagopal on salary pension