കേരള സര്‍വകലാശാല യുവജനോത്സവത്തിന് ‘ഇന്‍തിഫാദ’ എന്ന പേരു നല്‍കുന്നത് വിലക്കി വൈസ് ചാന്‍സലറുടെ ഉത്തരവ്. പാലസ്തീന്‍ ഇസ്രയേലിനെതിരെ നടത്തുന്ന പോരാട്ടത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പേര് കലോല്‍സവത്തിന് ഉപയോഗിക്കരുതെന്ന് എന്നാണ് വിസിയുടെ നിര്‍ദേശം. ചെറുത്തുനില്‍പ്പ്, ഉയര്‍ത്തെഴുന്നേല്‍പ്പ് എന്നീ അര്‍ഥങ്ങളുള്ള അറബ് പദം കലോലസവത്തിന് ഉപയോഗിച്ചത് ഹൈക്കോടതിയിലും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ ചിത്രങ്ങള്‍ ലോകമെങ്ങും ചര്‍ച്ചയാവുന്നതിനിടെയാണ് ‘ഇന്‍തിഫാദ’ എന്ന പേര് കലോല്‍സവത്തിന് നല്‍കാന്‍ കേരള സര്‍വകലാശാല യൂണിയന്‍ തീരുമാനിച്ചത്. അധിനിവേശങ്ങള്‍ക്കെതിരെയുള്ള ചെറുത്ത് നില്‍പ്പ് എന്ന അര്‍ഥത്തിലാണ് പാലസ്തീന്‍ ഇസ്രയേലിനെതിരെ നടത്തുന്ന പോരാട്ടത്തെ വിശേഷിപ്പിക്കാന്‍ ഈവാക്ക് ഉപയോഗിക്കുന്നത്. ആയുധമേന്തിയുള്ള പോരാട്ടം എന്നും ഈ വാക്കിന് അര്‍ഥമുണ്ടെന്നാണ് കേരള സര്‍വകലാശാല വിസി അഭിപ്രായപ്പെടുന്നത്.  ഇത് രാജ്യത്തിന്‍റെ വിദേശ നയത്തിനെതിരാണ്. കൂടാതെ സമൂഹത്തിലെ പലരുടെയും വികാരങ്ങളെ വ്രണപ്പെടുത്താനും ക്യാംപസുകളില്‍ അസ്വസ്ഥത സൃഷ്ടിക്കാനും ഇടയാക്കുമെന്നും വിസി പറയുന്നു. 

 

ഇന്‍തിഫാദ എന്നപേര് കലോല്‍സവത്തിന് തെരഞ്ഞെടുക്കുന്നതിലൂടെ യൂണിവേഴ്സിറ്റി യൂണിയന്‍ തെറ്റാണ് ചെയ്തതെന്ന് വിശദീകരിച്ചുകൊണ്ടാണ് ഈ പദം വിലക്കിക്കൊണ്ടുള്ള ഉത്തരവ് ഡോ.മോഹനന്‍കുന്നുമ്മല്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്‍തിഫാദക്കെതിരെ വിസിക്ക് പരാതികള്‍ലഭിച്ചിരുന്നു. സര്‍വകലാശാല യൂണിയന്‍റെയും സ്റ്റുഡന്‍റ് അഡ്വൈസറായ അധ്യാപകന്റേയും വിശദീകരണം തേടിയപ്പോള്‍ പേര് തീരുമാനിക്കുന്നത് യൂണിയന്‍റെ അവകാശമാണെന്നായിരുന്നു മറുപടി. കലോല്‍സവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും പോസ്റ്ററുകള്‍ മുതല്‍സോഷ്യല്‍മീഡിയ പോസ്റ്റുകള്‍വരെയുള്ളവയിലും ‘ഇന്‍തിഫാദ’ എന്നവാക്ക് ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് വിസിയുടെ ഉത്തരവ് അവസാനിക്കുന്നത്. കലോല്‍സവത്തിന്‍റെ പേരിനെതിരെ കൊല്ലം അഞ്ചല്‍സ്വദേശി എസഎസ് ആഷിഷ് നല്‍കിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്.