lpg-price-0803

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ച് പ്രധാനമന്ത്രിയുടെ വനിതാ ദിന പ്രഖ്യാപനം. സ്ത്രീ ശാക്തീകരണം ഉറപ്പാക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കാന്‍ തീരുമാനം സഹായിക്കുമെന്നും സ്ത്രീശക്തിക്ക് പ്രയോജനകരമാകുമെന്നും നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. വോട്ടുകിട്ടാനുള്ള കണ്‍കെട്ടാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

 

പാചകവാതക വില രാഷ്ട്രീയ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നതിനിടെയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ തന്ത്രപരമായ രണ്ട് ഇടപെടല്‍. ഉജ്വല ഉപഭോക്താക്കള്‍ക്ക് സിലിണ്ടറിന് 300 രൂപ വീതം നല്‍കുന്ന സബ്സിഡി 2025 മാര്‍ച്ച് 31വരെ നീട്ടാന്‍ ഇന്നലെ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. 10.27 കോടിപ്പേരാണ് പദ്ധതിയിലുള്ളത്. 12,000 കോടി രൂപയാണ് െചലവ്. ഇന്ന് വനിതാ ദിനത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്‍റെ വില നൂറു രൂപ കുറച്ചു. വിലകുറച്ചത് കുടുംബങ്ങളുടെ സൗഖ്യത്തിനും ആരോഗ്യകരമായ അന്തരീക്ഷത്തിനും സഹായകമാകുമെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എല്‍പിജി സബ്സിഡി 200ല്‍ നിന്ന് 300 രൂപയാക്കി ഉയര്‍ത്തിയിരുന്നു.

അതേസമയം എല്‍പിജി വില എന്തുകൊണ്ട് നേരത്തെ കുറയ്ക്കാന്‍ ശ്രമിച്ചില്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തുന്ന തട്ടിപ്പാണെന്നും എന്‍സിപി, ടിഎംസി, സമാജ്‍വാദി പാര്‍ട്ടി തുടങ്ങി പ്രതിപക്ഷപാര്‍ട്ടികള്‍ പ്രതികരിച്ചു.  

 

On international women’s day, Narendra Modi announces cut in LPG cylinder price.