സംസ്കരിക്കാനെത്തിക്കുന്ന കക്കൂസ് മാലിന്യം അതേപടി നഗരത്തിലെ ജലാശയങ്ങളിലേക്ക് തുറന്നുവിട്ട് കൊച്ചി നഗരസഭയുടെ കൊടുംചതി. വില്ലിങ്ടണ്‍ ഐലന്‍ഡ്, ബ്രഹ്മപുരം പ്ലാന്‍റുകളില്‍ നിന്ന് കക്കൂസ് മാലിന്യം പുറത്തേക്കൊഴുക്കുന്നത് രഹസ്യ ഓവുചാലുകള്‍വഴി. നഗരസഭയുടെ അട്ടിമറി മനോരമ ന്യൂസിന് മുന്നില്‍ തുറന്നുകാട്ടി മാലിന്യ ടാങ്കര്‍ ഉടമകള്‍. മനോരമ ന്യൂസ് അന്വേഷണം തുടരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കൊച്ചിക്കാരുടെ ജീവിതം നരകതുല്യമാക്കുന്നതില്‍ പ്രതിപട്ടികയില്‍ ഒന്നാമതാണ് നഗരസഭ. ചെയ്യുന്നത് പണം വാങ്ങി സംസ്കരിക്കാന്‍ ശേഖരിക്കുന്ന കക്കൂസ് മാലിന്യം അതേപടി ജനങ്ങള്‍ക്കിടയിലേക്ക് തന്നെ ഒഴുക്കിവിടുന്ന ശുദ്ധമര്യാദകേട്. വെല്ലിങ്ടണ്‍ പ്ലാന്‍റില്‍ മാത്രമല്ല ബ്രഹമപുരത്തെ പ്ലാന്‍റിലും മാലിന്യ സംസ്കരണം അട്ടിമറിക്കപ്പെട്ടു. പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നില്ല നോക്കുകുത്തി മാത്രമെന്ന് ഉറപ്പിക്കാന്‍ ഈ ദൃശ്യങ്ങള്‍ തന്നെ ധാരാളം. പ്ലാന്‍റിലെത്തുന്ന എല്ലാ മാലിന്യവും പൈപ്പ് വഴി ഒഴുക്കുന്നത് സമീപത്തെ ജലാശയത്തിലേക്ക് തന്നെ. പൊലീസ് രഹസ്യാന്വേഷണ വിഭാഗം അടക്കം ഇത് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും നഗരസഭയ്ക്കും ജില്ലാ ഭരണകൂടത്തിനും കുലുക്കമില്ല. ടാങ്കറുകള്‍ക്ക് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ എല്ലാ പ്രോത്സാഹനം നല്‍കുന്നതും മാലിന്യ സംസ്കരണം അട്ടിമറിച്ച നഗരസഭ തന്നെ.