narendra-modi-32

ചൈനയ്ക്ക് മുന്നറിയിപ്പായി അഗ്നി-5 ഭൂഖണ്ഡാന്തര ആണവ ബാലിസ്റ്റിക് മിസൈലിന്‍റെ പരിഷ്ക്കരിച്ച പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മിഷന്‍ ദിവ്യാസ്ത്ര എന്നു പേരിട്ട പരീക്ഷണം വിജയകരമായി നടത്തിയ വിവരം പ്രധാനമന്ത്രിയാണ് രാജ്യത്തെ അറിയിച്ചത്. വനിത ശാസ്ത്രജ്ഞയുടെ നേതൃത്വത്തിലാണ് മിസൈല്‍ വികസിപ്പിച്ചത്. രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. 

 

ബാഹുബലി ദേവസേനയെ പഠിപ്പിച്ച ആയുധവിദ്യയില്ലേ. ഒരേ സമയം പലരെയും ഉന്നമിട്ട് അസ്ത്ര അയക്കാന്‍ കഴിയുന്ന വിദ്യ. ഏതാണ്ട് അതുപോലെയാണ് എംെഎആര്‍വി. മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്‍റ്ലി ടാര്‍ജറ്റബിള്‍ റീ എന്‍ട്രി വെഹിക്കിള്‍. ശത്രുമേഖലയില്‍ പതിക്കും മുന്‍പ് പല പോര്‍മുനകളായി തിരഞ്ഞ്, ഒരേ സമയം പല ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന സാങ്കേതിവിദ്യ. അത് ഉള്‍പ്പെടുത്തിയാണ് അഗ്നി ഫൈവ് വികസിപ്പിച്ചിട്ടുള്ളത്. പല മിസൈലുകളുടെ പ്രഹരശേഷിയാല്‍ ശത്രുമേഖലയില്‍ വ്യാപക നാശം വിതയ്ക്കാനാകും. പ്രധാനമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനമുണ്ടാകുമെന്ന സസ്പെന്‍സിനൊടുവിലാണ് എക്സില്‍ മോദി മിഷന്‍ ദിവ്യാസ്ത്രയുടെ വിജയം രാജ്യത്തെ അറിയിച്ചത്.

 

ആണവ പോര്‍മുന വഹിക്കാന്‍ കെല്‍പുള്ള മിസൈലിന് 5,500 കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. തലസ്ഥാനമായ ബെയ്ജിങ് അടക്കം ചൈനയെ ഏറെക്കുറെ പൂര്‍ണമായും ലക്ഷ്യമിടാനാകും. റഷ്യയിലെ മോസ്കോയും കെനിയയിലെ നെയ്റോബിയുംവരെ മിസൈലിന്‍റെ പരിധിയില്‍ വരും. പരീക്ഷണത്തിന് മുന്നോടിയായി ഇന്ത്യന്‍ സമുദ്രത്തില്‍ മിസൈല്‍ കടന്നുപോകുന്ന പ്രദേശത്ത് വ്യോമഗതാഗതം നിരോധിച്ച് ഇന്ത്യ കഴിഞ്ഞ ദിവസം നിര്‍ദേശം  പുറത്തിറക്കിയിരുന്നു.

India Conducts First Test Of Agni-5 With Several Independent Warheads