• സർക്കാർ ഉത്തരവ് പ്രഥമദൃഷ്ട്യാ തെറ്റ്
  • കോടതിക്ക് ഇടപെടാൻ സാധിക്കുമെന്ന് നിയമോപദേശം
  • ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു

ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ യോഗ്യത ഭേദഗതി ചെയ്ത സർക്കാർ ഉത്തരവ് പ്രഥമദൃഷ്ട്യാ തെറ്റെന്ന് നിയമോപദേശം. ഭേദഗതി നിർദ്ദേശം ഗവേണിങ് ബോഡി പാസാക്കാത്തതിനാൽ ഉത്തരവ് നിലനിൽക്കില്ല. നിലവിലെ ഉത്തരവുപ്രകാരം എന്തെങ്കിലും നിയമനം നടത്തിയാൽ കോടതിക്ക് ഇടപെടാൻ സാധിക്കുമെന്ന നിയമപദേശമാണ് ഐ.എച്ച്.ആർ.ഡി ക്ക് ലഭിച്ചിട്ടുള്ളത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ യോഗ്യതയിൽ ഭേദഗതി വരുത്തിയ  സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് സിപിഎം അനുകൂല സംഘടനാംഗം സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. തുടർന്നാണ് വിഷയത്തിൽ ഐഎച്ച്ആർഡി നിയമോപദേശം തേടിയത്.  സ്ഥാപനത്തിൻ്റെ നടത്തിപ്പിനായി നിയമങ്ങളും ഉപനിയമങ്ങളും നിർമ്മിക്കാനുള്ള അധികാരം ഗവണിങ് ബോഡിക്കാണെന്ന് നിയമോപദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

 

2014ൽ സർക്കാർ അംഗീകരിച്ച സർവീസ് റൂളിൽ ഗവേണിങ് ബോഡിയെ ഭേദഗതി അതോറിറ്റി എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാൽ നിലവിലെ യോഗ്യത ഭേദഗതി ഗവേണിങ് ബോഡി ചർച്ച ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ കഴിഞ്ഞ ഡിസംബർ 23ന് പുറത്തിറക്കിയ  ഉത്തരവ് തെറ്റാണ്. പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ എന്തെങ്കിലും നിയമനം നടത്തിയാൽ ഭേദഗതിയിലും നിയമനങ്ങളിലും കോടതിക്ക് ഇടപെടാൻ സാധിക്കും. അതിനാൽ ഗവേണിങ് ബോഡി മുൻപാകെ വിഷയം വെക്കുകയും, നടപടിക്രമങ്ങൾ പാലിച്ച് ഭേദഗതിക്ക് ശുപാർശ നൽകണമെന്നും നിയമോപദേശത്തിൽ പറയുന്നു. ഇതോടൊപ്പം എഐസിടിഇ ചട്ടങ്ങൾ പ്രകാരവും അധ്യാപന യോഗ്യതയില്ലാത്ത ആളെ ഡയറക്ടർ തസ്തികയിൽ നിയമിക്കാൻ സാധിക്കില്ലെന്നും നിയമോപദേശത്തിലുണ്ട്.

 

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകൻ വി.എ.അരുൺ കുമാറിന് വേണ്ടിയാണ് ഡയറക്ടറുടെ യോഗ്യതയിൽ ഭേദഗതി വരുത്തിയതെന്നാണ് ആരോപണം. ഐഎച്ച്ആർഡി പ്രൊഫസറും, സാങ്കേതിക സർവകലാശാലമായ ഡീനുമായ ഡോ.വിനു തോമസ് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. ചട്ടവിരുദ്ധമായ യോഗ്യത ഭേദഗതിയും, വിജ്ഞാപനവും റദ്ദാക്കണമെന്നും, യോഗ്യതയില്ലാതെ താൽക്കാലിക ഡയറക്ടറുടെ ചുമതലയിൽ തുടരുന്ന അരുൺ കുമാറിനെ നീക്കം ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം. 

 

Legal advise on IHRD director appointment row