ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ 2029ല്‍ ഒന്നിച്ച് നടത്താന്‍ കഴിയുമെന്ന് മുന്‍ രാഷ്ട്രപതി റാംനാഥ് കോലിന്ദ് അധ്യക്ഷനായ ഉന്നതതല സമിതി. ഒരു രാജ്യം ഒരേ സമയം തിരഞ്ഞെടുപ്പ് എന്ന ലക്ഷ്യം നടപ്പാക്കാനുള്ള ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഉന്നതതല സമിതി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. ശുപാര്‍ശ അംഗീകരിച്ച് നടപ്പാക്കാന്‍ കേരളം, തമിഴ്നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലവധി കുറയ്ക്കേണ്ടിവരും.
തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതാണ് രാജ്യത്തിന്‍റെ സാമ്പത്തികരംഗത്തിന് ഗുണകരമെന്ന് ഉന്നതതല സമിതി റിപ്പോര്‍ട്ട് പറയുന്നു. വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും സഹായിക്കും. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍, അതായത് 2029ല്‍ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നത് പ്രായോഗികമാണ്. ഇതിനായി നിയമസഭകളുടെ കാലാവധി ക്രമീകരിക്കണം. ഭരണഘടനയുടെ അനുച്ഛേദം 83, 172 എന്നിവ ഭേദഗതി ചെയ്യണം. നിയമനിര്‍മാണങ്ങള്‍ക്ക് പാര്‍ലമെന്‍റിന്‍റെ അംഗീകാരം മാത്രം മതി.
സംസ്ഥാനങ്ങളുടെ വേണ്ട. ലോക്സഭ ചേരുന്ന ആദ്യം ദിനം മുതല്‍ അഞ്ചു വര്‍ഷത്തേയ്ക്ക് എന്ന രീതിയില്‍ സര്‍ക്കാരുകളുടെ കാലാവധി നിശ്ചയിക്കാം. അടുത്തഘട്ടമായി ലോക്സഭാ,നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന് 100 ദിവസത്തിനകം തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താം. തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താനുള്ള നിയമനിര്‍മാണത്തിന് നിയമസഭകളുടെ അംഗീകാരം വേണം. ഒരേ വോട്ടര്‍പട്ടിക തന്നെ പൊതുവായി ഉപയോഗിക്കാം. തൂക്കുസഭയോ, ഭൂരിപക്ഷം നഷ്ടപ്പെടുന്ന സാഹചര്യമോ ഉണ്ടായാല്‍ അഞ്ച് വര്‍ഷത്തെ അവശേഷിക്കുന്ന കാലയളവിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടത്താം. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഏതെങ്കിലും സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ലെങ്കില്‍ രാഷ്ട്രപതിക്ക് തീരുമാനമെടുക്കാം.
തിരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കാം, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസങ്ങളുണ്ടാകില്ല തുടങ്ങിയ ഗുണങ്ങളും തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുന്നതുമൂലമുണ്ടെന്ന് 18,626 പേജ് റിപ്പോര്‍ട്ട് പറയുന്നു. ബിജെപിയും എന്‍പിപിയും തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനെ അനുകൂലിച്ചപ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും സിപിെഎയും എതിര്‍ത്തു. മുസ്‍ലിംലീഗും കേരള കോണ്‍ഗ്രസ് എമ്മും ആര്‍എസ്പിയും നിലപാട് അറിയിച്ചില്ല.
Need simultaneous polls; panel on 'one nation, one election' submits report to President