തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തലേന്ന് ക്ഷേമപെന്‍ഷന്‍ വിതരണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. രണ്ടുഗഡു ക്ഷേമപെന്‍ഷന്‍ കുടിശിക കൂടി വിഷുവിന് മുന്‍പ് വിതരണം ചെയ്യുമെന്നാണ് ധനവകുപ്പിന്‍റെ പ്രഖ്യാപനം. ഇന്ന് വിതരണം ചെയ്തു തുടങ്ങിയ ഒരു ഗഡുവും കൂടി ചേര്‍ത്താല്‍ വിഷുവിന് മുമ്പ് നല്‍കുന്നത് മൂന്ന് മാസത്തെ കുടിശിക. 62 ലക്ഷത്തോളം ക്ഷേമപെന്‍ഷന്‍കാരില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം വിഷുവിന് മുമ്പ് 4800 രൂപ വീതം ലഭിക്കും. ഇതോടെ ക്ഷേമപെന്‍ഷന്‍ കുടിശികയായതു വഴിയുണ്ടായ ജനരോഷം തണുപ്പിക്കാമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. ഇനി മൂന്ന് മാസത്തെ ക്ഷേമപെന്‍ഷന്‍ തുക കുടിശികയാണ്. ഈ മാസം അവസാനിക്കുന്നതോടെ കുടിശിക നാലുഗഡു ആകുകയും ചെയ്യും.