Supreme-Court-2

പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പൗരത്വനിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുക. ആകെ 236 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണയിലുള്ളത്. മുസ്ലീം  ലീഗാണ് പ്രധാന ഹര്‍ജിക്കാര്‍. 

 

സിപിഎം, സിപിഐ, ഡിവൈഎഫ്ഐ, മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലീം സംഘടനകള്‍ എന്നിവര്‍ കേസിലെ ഹര്‍ജിക്കാരാണ്. പൗരത്വനിമയം നടപ്പാക്കില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ട് തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ ചട്ടം വിഞ്ജാപനം ചെയ്തതാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് കേസ് ഉന്നയിക്കവെ ഹര്‍ജിക്കാര്‍ക്ക് പൗരത്വകാര്യത്തില്‍ ഒന്നും പറയാന്‍ അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു.

അതേസമയം, ഡൽഹി മജ്നൂ കാടിലയിൽ കഴിയുന്ന പാക്കിസ്ഥാനിൽ നിന്നുള്ള ഹിന്ദു അഭയാർഥികൾക്ക് പൗരത്വം നൽകുന്നതില്‍ നടപടികൾ ഇന്ന് ആരംഭിക്കും. ഇതിനായി ഹാജരാകാൻ ഡൽഹി ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അഭയാർഥികളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ചുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതി നിർദേശം. ഒഴിപ്പിക്കല്‍ നടപടി ഡൽഹി ഡെവലപ്മെൻറ് അതോറിറ്റി നിർത്തിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. 180 അഭയാർഥി കുടുംബങ്ങളാണ് മജ്നു കാ ടിലയിൽ ഉള്ളത്.

CAA: Supreme Court to hear 236 pleas seeking stay on Citizenship Amendment Rules today