vd-satheesan-on-ep-jayrajan

റിസോര്‍ട്ട് വിവാദത്തില്‍ തന്റെ ആരോപണം ഇ.പി.ജയരാജന്‍ ശരിവച്ചതിന് നന്ദിയെന്ന് വി.ഡി.സതീശന്‍. സി.പി.എം– ബി.ജെ.പി നേതാക്കള്‍ തമ്മിലുള്ള ബിസിനസ് ബന്ധം വ്യക്തമായി. ഇക്കാര്യം സി.പി.എം നേതൃത്വം അറിഞ്ഞില്ലേ? ജയരാജന്‍ ഉയര്‍ത്തിക്കാട്ടിയ ചിത്രമല്ല തന്റെ കൈവശമുള്ളത്, വേറെ ചിത്രമാണ്'. നിരാമയ– വൈദേകം എന്നത് സിപിഎം–ബിജെപി റിസോര്‍ട്ട് എന്ന് പേരിടുന്നതുപോലെയാണ്. കേസുകള്‍ ഒതുക്കിത്തീര്‍ക്കാനുള്ള സഹകരണ സംഘമാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

 

അതിനിടെ ഇ.പി.ജയരാജനുമായി ബിസിനസ് ബന്ധമെന്ന ആരോപണം നിഷേധിച്ച് രാജീവ് ചന്ദ്രശേഖര്‍. മടിയന്മാരായ രാഷ്ട്രീയക്കാരുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ പോകാനില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. രാജീവ് ചന്ദ്രശേഖറുമായുള്ള ബിസിനസ് ബന്ധത്തില്‍ പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ഇ.പി ജയരാജന്‍റെ മറുപടി വി.ഡി സതീശനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു. രാജീവ് ചന്ദ്രിശേഖറിനൊപ്പം തന്‍റെ ഭാര്യ ഇരിക്കുന്ന വ്യാജ ചിത്രം നിര്‍മിച്ചത് വി.ഡി സതീശനാണെന്നും അശ്ലീല വീഡിയോകള്‍ ഇറക്കുന്നതില്‍ പ്രതിപക്ഷ നേതാവ് വിദഗ്ദനാണെന്നും ഇ.പി.

 

ഭാര്യയ്ക്ക് വൈദേകം റിസോര്‍ട്ടില്‍ ഓഹരിയുണ്ടെന്ന് ഇ.പി സമ്മതിച്ചു. വൈദേകത്തിന് രാജീവ് ചന്ദ്രശേഖറിന്‍റെ ഭാര്യക്ക് ഓഹരിയുള്ള നിരാമയ കമ്പനിയുമായുള്ള ബന്ധം നിഷേധിച്ചുമില്ല. ഭാര്യ ഓഹരി വാങ്ങിയതില്‍ എന്താണ് തെറ്റ്. വിവാദങ്ങള്‍ കാരണം ഓഹരി വില്‍ക്കാനുള്ള ശ്രമത്തിലാണെന്നും ഇ.പി. പുനര്‍ജനി പദ്ധതിയെക്കുറിച്ചുള്ള ആരോപണങ്ങളും, മീന്‍വണ്ടിയില്‍ 150 കോടി കള്ളപ്പണം കടത്തിയെന്ന പി.വി അന്‍വറിന്‍റെ ആരോപണവും ഇ.പി ആവര്‍ത്തിച്ചു. ഈ കേസുകളില്‍ ഇ.ഡി അന്വേഷണം നടക്കാത്തത് വി.ഡി സതീശന്‍ ബിജെപി–ആര്‍.എസ്.എസ് നേതാക്കളുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. 

 

VD Satheesan on EP Jayrajan resort issue