അശ്ലീലവീഡിയോ ഇറക്കുന്നതില്‍ വിദഗ്ധനാണെന്നാക്ഷേപിച്ച ഇ.പി.ജയരാജനെതിരെ നിയമനടപടിയുമായി പ്രതിപക്ഷനേതാവ്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പുപറയണം എന്നാവശ്യപ്പെട്ട് വി.ഡി.സതീശന്‍, ഇ.പി.ജയരാജന് വക്കീല്‍ നോട്ടീസ് അയച്ചു. വൈദേകം റിസോര്‍ട്ടിന്റെ പേരില്‍ തുടങ്ങിയ വാക്പോരാണ് നിയമയുദ്ധത്തിലെത്തിയിരിക്കുന്നത്. 

വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ പ്രതിരോധത്തിലാക്കിയ വി.ഡി.സതീശനെ ഇന്നലെ രണ്ടും കല്‍പിച്ച് കടന്നാക്രമിക്കുകയായിരുന്നു ഇ.പി.ജയരാജന്‍. അദ്ദേഹത്തെ നിയമവഴിയെ നേരിടാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രതിപക്ഷനേതാവ്. തനിക്ക് അപകീര്‍ത്തികരവും അവാസ്തവവുമായ പ്രസ്താവനയാണ് ഇ.പി. ജയരാജന്‍ നടത്തിയിരിക്കുന്നതെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഈ പ്രസ്താവന ഏഴുദിവസത്തിനകം പിന്‍വലിച്ച് പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍ സിവില്‍–ക്രിമിനല്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് നോട്ടീസ്. തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും ഇ.പി.ജയരാജനും തമ്മിലുള്ള ബിസിനസ് ബന്ധത്തിന് തന്‍റെ കയ്യില്‍ തെളിവുണ്ടെന്ന് വി.ഡി.സതീശന്‍ പറഞ്ഞതായിരുന്നു ഇ.പി.ജയരാജനെ പ്രകോപിപ്പിച്ചത്. 

രാജീവ് ചന്ദ്രശേഖറും തന്‍റെ ഭാര്യയും ചര്‍ച്ച നടത്തുന്നതിന്‍റെ എന്ന പേരില്‍ പ്രചരിച്ച മോര്‍ഫ് ചെയ്ത ചിത്രത്തിന് പിന്നില്‍ വി.ഡി സതീശനാണെന്നായിരുന്നു ഇ.പി.ജയരാജന്‍റെ ആരോപണം. പുനര്‍ഗേഹം പദ്ധതിയിലെ അഴിമതിയും മീന്‍വണ്ടിയില്‍ കടത്തിയ 150 കോടി കൈപ്പറ്റിയതും ഇ.ഡി.അന്വേഷിക്കാതിരിക്കാന്‍ സതീശന്‍ ഡല്‍ഹിയില്‍ പോയി ആര്‍.എസ്.എസ് – ബി.ജെ.പി നേതാക്കളുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെന്നുമൊക്കെ ഇ.പി. ആരോപിച്ചിരുന്നു.  

Leader of Opposition VD Satheesan sent legal notice to EP Jayarajan