ഇന്ത്യയുടെ ഇരുപത്തിമൂന്നാമത് വ്യോമസേന മേധാവിയായിരുന്ന രാകേഷ് കുമാർ സിങ് ഭദൗരിയ ബിജെപിയിൽ ചേർന്നു. 2019 സെപ്റ്റംബർ 30 മുതൽ 2021 സെപ്റ്റംബർ 30വരെ വ്യോമസേന മേധാവിയായിരുന്ന ഭദൗരിയ പരം വിശിഷ്ട സേവ മെഡൽ, അതി വിശിഷ്ട സേവ മെഡൽ, വായുസേന മെഡൽ എന്നിവ നേടിയിട്ടുണ്ട്. ആഗ്ര സ്വദേശിയായ ഭദൗരിയ ഗാസിയബാദ് ലോക്സഭാ സീറ്റിൽ നിന്ന് മൽസരിച്ചേക്കും.
വൈഎസ്ആർ കോൺഗ്രസ് നേതാവും തിരുപ്പതി മുൻ എംപിയുമായ വരപ്രസാദ് റാവുവും ബിജെപി അംഗത്വമെടുത്തു. ഗുഡുർ എംഎൽഎയായ വരപ്രസാദ് റാവുവിന് നിയമസഭാ തിരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസ് ടിക്കറ്റ് നൽകിയിരുന്നില്ല. തിരുപ്പതി ലോക്സഭാ സീറ്റിൽ വരപ്രസാദ് റാവു സ്ഥാനാർഥിയായേക്കും. ഡൽഹിയിൽ ബിജെപി ദേശീയ ആസ്ഥാനത്ത് ഇരുവരും കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂറിൽ നിന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് ധാവ്ഡെയിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു.
Former Air Force Chief Air Chief Marshal (Retd.) RKS Bhadauria and YSRC senior leader Varaprasad Rao joins BJP