rayan-parag-rr-01

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ആറ് വിക്കറ്റ് ജയം. കളിച്ച മൂന്ന് മല്‍സരങ്ങളും ജയിച്ച രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. മുംബൈ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 15.3 ഓവറിൽ മറികടന്നു. സ്കോർ: മുംബൈ ഇന്ത്യൻസ് – 20 ഓവറിൽ 9ന് 125, രാജസ്ഥാൻ റോയൽസ് – 15.3 ഓവറിൽ 4ന് 127. അർധ സെഞ്ചറി നേടി ടീമിനെ ജയത്തിലെത്തിച്ച മധ്യനിര താരം റിയാൻ പരാഗാണ് (39 പന്തിൽ 54*) രാജസ്ഥാന്റെ ടോപ് സ്കോറർ. ഇന്നിങ്സിന്റെ തുടക്കത്തിൽ യശസ്വി ജയ്സ്‌വാൾ (10), ജോസ് ബട്‌ലർ (13), സഞ്ജു സാംസൺ (12) എന്നിവർ വേഗത്തിൽ പുറത്തായെങ്കിലും പരാഗിന്റെ ശ്രദ്ധയോടെയുള്ള ബാറ്റിങ് റോയൽസിനു തുണയായി. രവിചന്ദ്രൻ അശ്വിൻ (16), ശുഭം ദുബെ (8*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ. മുംബൈക്കു വേണ്ടി ആകാശ് മധ്‌വാൾ 3 വിക്കറ്റു വീഴ്ത്തി.

 

ആദ്യം ബാറ്റുചെയ്ത മുംബൈ 9 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തു. 21 പന്തില്‍ 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ ടോപ് സ്കോറര്‍. 20 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടമായ ടീമിനെ ഹാര്‍ദിക് പാണ്ഡ്യ–തിലക് വര്‍മ അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 

രോഹിത് ശര്‍മയടക്കം മൂന്നുപേര്‍ പൂജ്യത്തിന് പുറത്തായി. മൂന്നുവിക്കറ്റ് വീതമെടുത്ത ട്രെന്റ് ബോള്‍ട്ടും യുസ്‌വേന്ദ്ര  ചഹലുമാണ് മുംബൈ ബാറ്റര്‍മാര്‍ക്കെതിരെ ആക്രമണം മുന്നില്‍ നിന്ന് നയിച്ചത്. ടോസിനായി ക്രീസിലെത്തിയ നായകനെ സ്വന്തം ഹോം ഗ്രൗണ്ടായ വാങ്കഡെയില്‍ ആരാധകര്‍ കൂക്കി വിളിച്ചു. കളിച്ച മൂന്ന് മല്‍സരങ്ങളിലും മുംബൈ ഇന്ത്യന്‍സിന് ജയിക്കാനായില്ല. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈ.