pb-anitha04

 

ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിന്റ പേരില്‍ സ്ഥലം മാറ്റപ്പെട്ട കോഴിക്കോട് മെഡിക്കല്‍ കോളജിലെ സീനിയർ നഴ്സിങ് ഓഫീസർ പി ബി അനിത ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. ഇന്നലെ രാത്രിയാണ് മെഡിക്കല്‍ കോളജില്‍ ഒഴിവുവന്ന തസ്തികയില്‍ തന്നെ അനിതയെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സന്തോഷമുണ്ടെന്നും കോടതി അലക്ഷ്യ ഹർജിയുമായി മുന്നോട്ട് പോകുമെന്നും അനിത പറഞ്ഞു. 

ഒടുവില്‍ ഏഴാം നാള്‍ നീതി കിട്ടി. അഡ്മിനിസ്ട്രേറ്റീവ് ഒാഫീസര്‍ക്ക് മുമ്പാകെ ഒപ്പിട്ട് അനിത ജോലിയില്‍ പ്രവേശിച്ചു. തുടക്കംമുതല്‍ പിന്തുണ നിന്ന അതിജീവിതയും കൂടെയുണ്ടായിരുന്നു.

 

അതിജീവിതയെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ച മെഡിക്കല്‍ കോളജിലെ ഭരണകക്ഷിയില്‍പെട്ട  ജീവനക്കാരെ നിയമത്തിന്റ മുന്നില്‍ കൊണ്ടുവന്നതോടെയാണ് അനിത ആരോഗ്യവകുപ്പിന്റ കണ്ണിലെ കരടായത്. ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയെങ്കിലും ഹൈക്കോടതി, വിധി റദ്ദാക്കി. ഏപ്രിലില്‍ ഒഴിവ് വരുന്ന തസ്തികയില്‍ അനിതയെ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടെങ്കിലും അനിതയ്ക്കും വീഴ്ച സംഭവിച്ചെന്ന മുടന്തന്‍ ന്യായം പറഞ്ഞ് പുറത്തുനിര്‍ത്തി. എങ്കിലും പിന്‍മാറാതെ പോരാടിയ അനിതയ്ക്ക് പിന്തുണയുമായി കൂടുതല്‍ പേര്‍ എത്തിയതോടെയാണ് ആരോഗ്യവകുപ്പും സര്‍ക്കാരും നിലപാട് മാറ്റിയത്.  സ്ഥലം മാറ്റം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ റിവ്യൂ ഹര്‍ജി കോടതി അടുത്ത ദിവസം പരിഗണിക്കും. അതുകൊണ്ടുതന്നെ ആശങ്ക പൂര്‍ണമായും മാറിയിട്ടില്ലെന്ന് അനിത പറയുന്നു.

 

ഭരണാനുകൂല സംഘടന പ്രതിനിധികൾ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്നും അനിത ആവശ്യപ്പെട്ടു. അനിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയും അടുത്തദിവസമാണ് പരിഗണിക്കുന്നത്.

 

PB Aanitha returned to work at kozhikode medical college