kozhikode-medical-college

കോഴിക്കോട് മെ‍ഡിക്കല്‍ കോളജിലെ മരുന്ന് പ്രശ്നത്തില്‍ ആരോഗ്യവകുപ്പിന്‍റെ അടിയന്തര ഇടപെടലും ഫലം കണ്ടില്ല. അഞ്ച് കോടി രൂപ അനുവദിച്ചെങ്കിലും കുടിശിക പൂര്‍ണമായും തീര്‍ക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് മരുന്ന് വിതരണക്കാര്‍. 

വടക്കന്‍ കേരളത്തിലെ ആയിരക്കണക്കിന് രോഗികളുടെ ദുരിതം ഒടുവില്‍ ആരോഗ്യവകുപ്പ് പരിഗണിച്ചു. അപ്പോഴും 80 കോടി രൂപ കുടിശികയില്‍ 5 കോടിയേ മരുന്ന് വിതരണക്കാര്‍ക്ക് നല്‍കിയുള്ളൂ. അതിനാല്‍ തന്നെ സമരം ഇതേ രീതിയില്‍ തുടരും. കുടിശിക തീര്‍ക്കാതെ മരുന്ന് വിതരണം പുനരാരംഭിക്കാന്‍ കഴിയില്ലെന്ന നിലപാട് വിതരണക്കാര്‍ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. 

കുടിശിക പെരുകിയതിനെ തുടര്‍ന്ന് ഈ മാസം പത്തിനാണ്  മരുന്നുവിതരണം നിര്‍ത്തിയത്. സമരം തുടങ്ങി മൂന്നുദിവസം പിന്നിടുമ്പോഴേക്കും മരുന്നുക്ഷാമം രൂക്ഷമായി. ഇതോടെയാണ് കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയിലൂടെ അഞ്ചുകോടി രൂപ വിതരണക്കാര്‍ക്ക് അനുവദിച്ച് ഉത്തരവായത്.

 

അതേസമയം ന്യായവില മരുന്നുഷോപ്പില്‍ കാന്‍സര്‍, ഡയാലിസിസ് മരുന്നിന്‍റെ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്ന അവസ്ഥയിലാണ്. കാര്‍ഡിയോളജി വിഭാഗത്തിലെ സ്റ്റോക്കാകട്ടെ രണ്ട് ദിവസം കൊണ്ട് തീരും. 

ENGLISH SUMMARY:

The urgent intervention by the Health Department in the Kozhikode Medical College medicine issue did not yield results. Even though ₹5 crore was allocated, the medicine suppliers have taken a firm stand that they will not withdraw from the strike without clearing the pending dues in full.