വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ ശിക്ഷ വിധിച്ചു. ഒന്നാംപ്രതി രൂപേഷിന് 10 വര്‍ഷം തടവ്. നാലാംപ്രതി കന്യാകുമാരിക്കും എട്ടാംപ്രതി ബാബു ഇബ്രാഹിമിനും 6 വര്‍ഷം തടവ്. കൊച്ചി എന്‍.ഐ.എ കോടതിയുടേതാണ് വിധി. രൂപേഷിനെതിരെ ഗൂഢാലോചന, ആയുധക്കുറ്റങ്ങള്‍ തെളിഞ്ഞു.

മാവോയിസ്റ്റുകള്‍ക്കെതിരെ വിവരം നല്‍കുന്നു എന്നാരോപിച്ച് സിവിൽ പൊലീസ് ഓഫീസറായ എ.ബി. പ്രമോദിന്റെ വീട്ടിലെത്തി മാതാവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി എന്നായിരുന്നു കേസ്. പ്രമോദിന്റെ ബൈക്ക് കത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മ പുറത്തു വന്നത്. തുടർന്ന് ഭീഷണിപ്പെടുത്തിയ ശേഷം പ്രതികൾ ഓടിക്കളഞ്ഞു. ലഘുലേഖകൾ വീടിന്റെ പരിസരത്ത് വിതറുകയും മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പോസ്റ്റർ വീടിന്റെ ഭിത്തിയില്‍ ഒട്ടിക്കുകയും ചെയ്തു.

യുഎപിഎ വകുപ്പുകൾക്ക് പുറമെ ഗൂഢാലോചന, ആയുധം കൈവശം വയ്ക്കൽ, വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. 2014ൽ വയനാട് വെള്ളമുണ്ടയിലാണ് സംഭവം. ആദ്യം ലോക്കൽ പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു.

 

Vellamunda Maoist case 10 year imprisonment for Roopesh