പത്തനംതിട്ട അടൂരില്‍ ലൈഫ് മിഷൻ പദ്ധതിയിൽ നിർമാണം തുടങ്ങിയ വീടിന് വഴിത്തർക്കത്തെ തുടർന്ന് പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോ. അടച്ചുറപ്പുള്ള വീട് സ്വപ്നം കണ്ട വിധവയായ പൊന്നമ്മ മൂന്നു വർഷമായി ചോർന്നൊലിക്കുന്ന ടാർപ്പോളിൻ ഷീറ്റിനു കീഴിലാണ് കഴിയുന്നത്

 

ഏറത്ത് പഞ്ചായത്ത് ചൂരക്കോട് ബദാംമുക്ക‌ിലെ താമസക്കാരിയായ പൊന്നമ്മയ്ക്ക് 2021 ൽ ആണ് ലൈഫ് പദ്ധതിയിൽ വീടനുവദിച്ചത്. ആദ്യ ഗഡുവായി ലഭിച്ച 40,000 രൂപ ചെലവിട്ട് അടിത്തറ കെട്ടി. ഈ സമയം സമീപത്തെ വഴിയുമായി ബന്ധപ്പെട്ട് അയൽവാസി തർക്കം ഉന്നയിച്ചു. പുതിയതായി നിർമിക്കുന്ന വീടിന്റെ അടിത്തറയ്ക്കു സമീപത്തു കൂടിയാണ് വഴി. വഴിയുടെ ഭാഗം കൈയടക്കിയാണ് വീടു നിർമാണം എന്നായിരുന്നു അയൽവാസിയുടെ പരാതി. പരാതി പ്രകാരം നിർമാണം നിർത്തി വയ്ക്കാൻ പഞ്ചായത്ത് പൊന്നമ്മയ്ക്ക് അറിയിപ്പ് നൽകി. പരാതിയുള്ളതിനാൽ ബാക്കി ഗഡു അനുവദിക്കാതെ വന്നതോടെ വീടിന്റെ നിർമാണം മുടങ്ങി. പുതിയ വീടു നിർമാണം തുടങ്ങിയതിനാൽ പഴയ വീടും പൊളിച്ചു നീക്കിയിരുന്നു. അടിത്തറയില്‍ മരക്കമ്പുകളിൽ ടാർപ്പോളിൻ കെട്ടി അതിന്റെ തണലിലാണ് പൊന്നമ്മയുടെ ജീവിതം. മഴക്കാറ് കണ്ടാല്‍ ഭയമാണ്

 

താലൂക്ക് സർവേ വിഭാഗം ഉദ്യോഗസ്ഥർ എത്തി വഴി അളന്നുവെന്നും ഒന്നര മീറ്റർ തള്ളിയാണ് അടിത്തറ നിൽക്കുന്നതെന്നും പൊന്നമ്മ പറയുന്നു. ആരും സഹായിക്കുന്നില്ല എന്നാണ് പൊന്നമ്മയുടെ സങ്കടം. കേസ് കോടതിയുടെ പരിഗണനയിലാണെന്നും, പഞ്ചായത്തിന് ഒന്നും ചെയ്യാനാവില്ലെന്നും പഞ്ചായത്തംഗവും പറയുന്നു.

 

Pathanamthitta adoor life mission house stop memo