ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍റെ കാര്യത്തില്‍ അമിതമായ സംശയം നല്ലതല്ലെന്ന് സുപ്രീംകോടതി. വോട്ടിങ് മെഷീനില്‍ തിരിമറി നടത്താനോ ഹാക്ക് ചെയ്യാനോ സാധ്യമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. തിരഞ്ഞെടപ്പ് സമയത്ത് വോട്ടിങ് മെഷീനെപ്പറ്റി സംശയമുയര്‍ത്തുന്നത് ജനാധിപത്യത്തെ ക്ഷീണിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.  

 

വോട്ടിങ് മെഷീനിലെ എല്ലാ വോട്ടുകളും വിവിപാറ്റ് സ്ളിപ്പുകളുമായി  ഒത്തുനോക്കണമെന്ന് ഹര്‍ജിയില്‍ ഒരു ദിവസം നീണ്ട  വാദമാണ് ഇന്ന് സുപ്രീംകോടതിയില്‍ നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍റെയും വിവി പാറ്റിന്‍റെയും സാങ്കേതിക കാര്യങ്ങള്‍   കോടതയില്‍ നേരിട്ട് വിശദീകരിച്ചു. ഇലക്ടല്‍ ബാലറ്റ് തയാറാക്കുന്നത് റിട്ടേണിങ് ഓഫീസര്‍മാരെന്നും  ഇവിഎം തയാറായി കഴിഞ്ഞാല്‍ മറ്റ് കംപ്യൂട്ടറുകളുമായോ ഇന്‍റര്‍നെറ്റുമായോ  ബന്ധപ്പെടുന്നില്ലെന്നും  തിരഞ്ഞെടുപ്പ് കമ്മീഷന്‍  കോടതിയില്‍ പറഞ്ഞു. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മെഷീനുകള്‍ കൈമാറുന്നതും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആണ്.  

 

ഒന്നും ഒളിക്കാനില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. വോട്ടിങ് മെഷീനിന്‍റെ സോഫ്റ്റ് വെയര്‍  മെഷീന്‍ നിര്‍മിക്കുമ്പോള്‍  തയാറാകുന്നതാണെന്നും പിന്നീട് മാറ്റം വരുത്താനാവില്ലെന്നും  തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. വിവി പാറ്റിന്‍റെ രീതിയില്‍ മാറ്റം വരുത്തേണ്ട കാര്യമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചതോടെ ഹര്‍ജിക്കാര്‍ ഇതിനെ എതിര്‍ത്തു. ഈ സമയത്താണ് എല്ലാക്കാര്യങ്ങളിലും അമിതമായ സംശയം നല്ലതല്ലെന്ന് ജസ്റ്റീസ് സജ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പരാമര്‍ശം നടത്തിയത്. 

 

കമ്മീഷൻ നൽകുന്ന വിശദീകരണത്തിൽ വോട്ടർമാർ തൃപ്തരെന്ന് നിരീക്ഷിച്ച കോടതി അതുകൊണ്ടാവാം വോട്ടിങ് ശതമാനം കൂടുന്നതെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടിങ് മെഷീനെപ്പറ്റി സംശയം ഉയര്‍ന്നു വരുന്നതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. ആക്ഷേപം ജനങ്ങള്‍ക്കിടിയില്‍ തെറ്റിദ്ധാരണ പരത്തുമെന്നും വോട്ടിങ് ശതമാനത്തെ ബാധിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയില്‍ പറഞ്ഞു. ഇത് ജനാധിപത്യത്തിന് ക്ഷീണമാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. ഇലക്ഷന്‍ കമ്മീഷന്‍റെ വാദങ്ങളെ എതിര്‍ക്കാതിരുന്ന കോടതി കേസില്‍ രണ്ടു ദിവസത്തെ  വാദം പൂര്‍ത്തായാക്കി വിധി പറയാന്‍ മാറ്റി 

ECI counters its Kasaragod official, tells SC reports of extra vote for BJP in mock poll false